മനാമ: പൊതുജനാരോഗ്യ വകുപ്പ് 220 റസ്റ്റോറൻ്റുകളിൽ പരിശോധന നടത്തി. ആരോഗ്യവകുപ്പും ദേശിയ ടാസ്ക് ഫോഴ്സും നിർദ്ദേശിച്ചിട്ടുള്ള കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥർ റസ്റ്റോറൻ്റുകളിൽ പരിശോധന നടത്തിയത്. കോവിഡ് നിയമങ്ങൾ ലംഘിച്ച 35 റസ്റ്റോറൻ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
രണ്ട് റസ്റ്റോറൻ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചിടാനുമുള്ള ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട് . വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്നാണ് നിയമം. ഇത്തരം സ്ഥാപനങ്ങൾക്ക് ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച് സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്.