കോവിഡ് നിയമങ്ങൾ ലംഘിച്ച ഒരു പള്ളിയും അഞ്ച് കമ്മ്യൂണിറ്റി സെന്ററുകളും രണ്ടാഴ്ചത്തേക്ക് അടച്ചു

മനാമ: ദേശീയ ടാസ്ക് ഫോഴ്സ് നിർദ്ദേശിക്കുന്ന ആരോഗ്യ പ്രോട്ടോക്കോളുകൾ ലംഘിച്ച ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു പള്ളി രണ്ടാഴ്ചത്തേക്ക് അടച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെയും, നോർത്തേൺ ഗവർണറേറ്റിലെയും, സതേൺ ഗവർണറേറ്റിലെയും അഞ്ചു കമ്മ്യൂണിറ്റി സെന്ററുകളും രണ്ടാഴ്ചത്തേക്ക് ഇസ്ലാമിക നീതിന്യായ കാര്യമന്ത്രാലയം അടപ്പിച്ചു.

പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് പള്ളി അടയ്ക്കുന്നതെന്നും അധികൃതർ അറിയിച്ചു. പള്ളിയും പരിസരവും അണുവിമുക്തമാക്കി മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ബഹ്‌റൈനിൽ അഞ്ചുനേര നമസ്കാരങ്ങൾക്കായി അടുത്തിടെയാണ് പള്ളികൾ വീണ്ടും തുറന്നത്. ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദേശിച്ച കോവിഡ് മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പ്രവേശനം. പള്ളികളിൽ നിർബന്ധിത നടപടികൾ നടപ്പാക്കുന്നത് തുടരുമെന്നും ആരാധനക്കെത്തുന്നവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.