പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജലീല അൽ സയ്യിദ് ജവാദ് പ്രവർത്തനം ആരംഭിച്ച ജിദാഫ്സ് ഹെൽത്ത് സെന്റർ സന്ദർശിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജ്യത്തുടനീളം മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒൻപത് ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒൻപത് ആരോഗ്യ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ചത്.
ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനായി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പ്രിൻസ് സൽമാനും നടത്തുന്ന പ്രവർത്തനങ്ങളെ ഡോ. അൽ സയ്യിദ് പ്രശംസിച്ചു. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, പ്രൈമറി ഹെൽത്ത് കെയർ സെന്റർ ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ വഹാബ് മുഹമ്മദ് അബ്ദുൽ വഹാബ് എന്നിവർ നടത്തുന്ന പ്രവർത്തനങ്ങളെയും ഡോക്ടർ അഭിനന്ദിച്ചു. രാജകീയ നിർദേശങ്ങൾ നടപ്പിലാക്കാൻ സഹായിക്കുന്ന മെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കും ഡോക്ടർ ജലീല അൽ സയ്യിദ് നന്ദി അറിയിച്ചു.