മനാമ: രാജ്യത്ത് ഹോം ക്വാറൻ്റൈനിൽ ആയിരിക്കെ കോവിഡ് നിയമങ്ങൾ ലംഘിക്കുകയും പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്ത പ്രവാസിക്ക് മൂന്ന് വർഷം തടവും 5000 ദിനാർ പിഴയും ശിക്ഷ വിധിച്ചു. നിർബന്ധിത ക്വാറന്റൈനിൽ കഴിയാൻ നിർദേശിക്കപ്പെട്ട 34 കാരനായ പ്രതി പൊതു സ്ഥലങ്ങളിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്വാറൻ്റൈനിൽ കഴിയവേ പ്രതിക്ക് നൽകിയിരുന്ന ഇലക്ട്രോണിക് ട്രാക്കർ ഉപയോഗിച്ച് ഇയാൾ സന്ദർശിച്ച സ്ഥലങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തുകയും പ്രതി നിയമലംഘനം നടത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇയാൾ പൊതു സ്ഥലങ്ങൾ സന്ദർശിച്ചതിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.
പ്രതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചത്. ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് അടിയന്തര വിചാരണയ്ക്കായി ഇയാളെ കോടതിയിലേക്ക് റഫർ ചെയ്തു. ഇയാൾക്കെതിരെ ക്രിമിനൽ കോടതി മൂന്ന് വർഷം തടവും 5000 ദിനാർ പിഴയും വിധിച്ചു. ശിക്ഷ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്തും.