മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച നിർബന്ധിത കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച 46 റസ്റ്റോറൻ്റുകൾക്കും കഫേകൾക്കും എതിരെ ആരോഗ്യ മന്ത്രാലയത്തിന്റെ പൊതുജനാരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു. 211 റസ്റ്റോറൻ്റുകളും കഫേകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. കോവിഡ് നിയമങ്ങൾ പാലിക്കാത്ത റസ്റ്റോറൻ്റുകൾക്കും കഫേകൾക്കുമെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ദേശീയ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള നടപടികൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു. രാജ്യത്തു കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 25 വരെ തുടരും.
ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്ന് അധികൃതർ ഓർമിപ്പിച്ചു. ഇത്തരം സ്ഥാപനങ്ങൾക്ക് ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച് സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്. നിർബന്ധിത മുൻകരുതൽ നടപടികളിൽ ചെറിയ ലംഘനങ്ങൾ വരുത്തിയ ഔട്‍ലെറ്റുകളുടെ ഉടമകൾക്ക് ക്രമക്കേടുകൾ ഉടൻ പരിഹരിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.