മനാമ: കേന്ദ്രം ഭരിക്കുന്ന ബിജെപി യും കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന സിപി എമ്മും ന്യൂനപക്ഷ വിരുദ്ധ സമീപനത്തിൽ സമാസമം ആണെന്ന് മുസ്ലിം യൂത്ത് ലീഗ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു. ബഹറൈൻ കെഎംസിസി മനാമ സാൻ റോക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മുസ്‌ലിം ലീഗ് 71 ആം വാര്ഷിക ആഘോഷ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കാലം വരുമ്പോൾ മുസ്ലിം പ്രേമം വ്യാപകമായി പ്രകടിപ്പിക്കുന്നത് സിപിഎം ന്റെ സ്ഥിരം തട്ടിപ്പു വേലയാണ്. വോട്ടെടുപ്പ് കഴിഞ്ഞാൽ പലപ്പോളും ബിജെപി യെ പോലും തോൽപ്പിക്കുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളാണ് സിപിഎം സ്വീകരിച്ചു വരുന്നതെന്ന് ഫിറോസ് കുറ്റപ്പെടത്തി. ശരീഅത്ത് റൂളുമായി ബന്ധപ്പെട്ട് സമസ്തയുള്‍പ്പെടെയുള്ള മത സംഘടനകള്‍ മുന്നോട്ടു വെച്ച ഭേദഗതികള്‍ നടപ്പിലാക്കാതെ, തിരഞ്ഞെടുപ്പ് വേളയില്‍ മന്ത്രി കെ.ടി ജലീല്‍ സമസ്ത നേതാക്കളെ സന്ദര്‍ശിച്ച് ഫൈസ്ബുക്ക് പ്രചരണം നടത്തുന്നത് കാപട്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു.
മന്ത്രി കെ.ടി ജലീല്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയായിരിക്കുന്പോഴാണ് കേരളത്തില്‍ മുഹമ്മദ് ഹാജിക്കും നജ്മല്‍ ബാബുവിനും ഇസ്ലാമികാചാരപ്രകാരമുള്ള അന്ത്യാഭിലാഷങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ പോയത്. ഇതേ തുടര്‍ന്ന് സര്‍ക്കാറിന് പ്രത്യേക റൂള്‍ നിര്‍മ്മിക്കാന്‍ അവകാശം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ആദ്യം നിസംഗത കാണിച്ച സര്‍ക്കാര്‍ പിന്നീട് ഒരു തട്ടിക്കൂട്ട് ശരീഅത്ത്റൂള്‍ കൊണ്ടുവന്നു. ഇതിലെ പിശകുകള്‍ ചൂണ്ടി കാട്ടി സമസ്തയുള്‍പ്പെടെയുള്ള മത സംഘടനകള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് സര്‍ക്കാറിന് ഭേദഗതിയോടെയുള്ള ശരീഅത്ത് റൂള്‍ സമര്‍പ്പിച്ചതാണ്.
എന്നാല്‍ നാളിതുവരെയായി മുസ്ലിംസംഘടനകളുടെ ഈ ആവശ്യത്തിന് നേരെ മുഖം തിരിച്ചിരിക്കുന്ന സര്‍ക്കാറും ജലീലും ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമസ്ത നേതാക്കളെ സന്ദര്‍ശിച്ച് ഫോട്ടോ പകര്‍ത്തി അത് ഫൈസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രചരണം നടത്തുന്നത് കാപട്യവും വഞ്ചനയുമാണ്. ഇത് വിശ്വാസികള്‍ തിരിച്ചറിയുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
ജലീലിന് ഇപ്പോള്‍ കിളിപോയ സ്ഥിയാണുള്ളതെന്നും ബഹു. ഹൈദരലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി ഉസ്താദ് ഉള്‍പ്പെടെയുള്ളവരെ അവഹേളിച്ചതിന്‍റെ തിക്തഫലമാണതെന്നും ജലീലിനെതിരായ കേസ് ജലീല്‍ ആവശ്യപ്പെട്ടതുപോലെ തന്നെ താന്‍ ഇപ്പോള്‍ കോടതിയിലെത്തിച്ചിട്ടുണ്ടെന്നും ഇനി അവിടെ അദ്ധേഹത്തിന് ക്രിത്യമായി മറുപടി നല്‍കേണ്ടി വരുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
മന്ത്രി ജലീലിനെതിരായ ഫിറോസിന്‍റെ ആരോപണങ്ങളും വെല്ലുവിളികളും വിവിധ പ്രഖ്യാപനങ്ങളും ഹര്‍ഷാരവത്തോടെയാണ് സദസ്സ് എതിരേറ്റത്. ബഹ്റൈനിലെ മത-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. കെഎംസിസി പ്രസിഡന്റ് എസ്.വി. ജലീൽ ആദ്യക്ഷം വഹിച്ചു. ഇസ്ഹാഖ് പി.കെ.ഖിറാഅത്ത് നടത്തി. Ck അബ്ദുർറഹ്മാൻ ഉൽഘാടനം ചെയ്തു. കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു. ബഹറിൻ സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ പ്രാർത്ഥന നടത്തി.കുട്ടൂസ മുണ്ടേരി, ഹബീബ് റഹ്മാൻ, എം.എക്‌സ്.ജലീൽ, രാജു കല്ലുംപുരം എന്നിവർ ആശംസകൾ നേർന്നു. ഓർഗനൈസിംഗ് സെക്രട്ടറി ശംസുദ്ദിൻ വെള്ളികുളങ്ങര സ്വാഗതവും സെക്രട്ടറി kp മുസ്തഫ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഷാഫി പാറക്കട്ട, ഗഫൂർ കൈപ്പമംഗലം, പി.വി.സിദ്ധീഖ്, കെ.കെ.സി. മുനീർ, മൊയ്തീൻ കുട്ടി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
ബഹ്‌റൈനിലെ മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ ബിനു കുന്നന്താനം, റോയ്, നജീബ് കടലായി, ജമാൽ കുറ്റികാട്ടിൽ, സൽമാനുൽ ഫാരിസ്, കുഞ്ഞഹമ്മദ് ഹാജി, വാഹിദ്, ജാവേദ് വക്കം, വി. എച്. അബ്ദുള്ള, സൈഫുള്ള ഖാസിം എന്നിവർ പങ്കെടുത്തു.