മനാമ: കോവിഡ് പ്രതിരോധ വാക്സിനേഷൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികളെ കബളിപ്പിച്ചു പണം തട്ടിയെടുക്കാൻ ശ്രമിച്ച ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. ആന്റി സൈബർ ക്രൈം ഡിറക്ടറേറ്റിൻറെ നേതൃത്വത്തിൽ ആന്റി കറപ്ഷൻ ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
41 കാരനായ പുരുഷനും 35 കാരിയായ സ്ത്രീയും ചേർന്ന് വാക്‌സിൻ നൽകാമെന്ന് പറഞ്ഞു വിവിധ പ്രവാസികളിൽ നിന്ന് പണം പിരിച്ചതായി സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി. ആന്റി സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് അന്വേഷണം വേഗത്തിലാക്കിയതോടെയാണ് ഇവരെ പിടികൂടാൻ സാധിച്ചത്. പ്രതികൾക്കെതിരെ നിയമപരമായ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.