പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. അര്‍ബുദരോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി (2000-05, 2012-14, 2017-2019) ആയിരുന്നു മനോഹര്‍ പരീക്കര്‍. മൂന്നു വർഷം മോഡി മന്ത്രിസഭയിൽ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഐ ഐ ടി ബിരുദധാരിയായിരുന്നു.
ഗോവയിലെ മാപുസയിൽ 1955 ഡിസംബർ 13–ന് ജനിച്ച മനോഹർ പരീക്കർ ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. ബിജെപിയിലൂടെ 1994–ൽ നിയമസഭാംഗമായി.
രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ 2000 ഒക്ടോബറിൽ ബിജെപി ആദ്യമായി ഗോവയിൽ ഭരണത്തിലെത്തിയപ്പോൾ പരീക്കറെയാണ് മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിച്ചത്. 2002 ഫെബ്രുവരിയിൽ നിയമസഭ പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെടുപ്പിനെ തുടർന്ന് കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണിൽ വീണ്ടും മുഖ്യമന്ത്രിയായി. 2005–ൽ ഭരണം നഷ്ടപ്പെട്ടു.
2012 ൽ മൂന്നാം വട്ടം മുഖ്യമന്ത്രി സ്ഥാനത്ത്. 2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്രപ്രതിരോധ മന്ത്രിയായി. 2014 നവംബർ മുതൽ 2017 മാർച്ച് വരെ ആ സ്ഥാനത്ത് തുടർന്നു. 2017–ൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി രാജിവച്ച മനോഹർ പരീക്കർ തന്റെ സ്ഥിരം മണ്ഡലമായ പനജിയിൽ വിജയിച്ച് നിയമസഭാംഗമായി.
പരേതയായ മേധയാണ് ഭാര്യ. ഉത്പൽ, അഭിജിത്ത് എന്നിവർ മക്കളാണ്.