മനാമ: അൽ ദൂറിൽ വൈദ്യുതി, ജല പ്ലാൻ്റിൻ്റെ രണ്ടാം ഘട്ടം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. നൂറ് ശതമാനവും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്ലാൻറിൽ പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും 25 ദശലക്ഷം ഗാലൺ വെള്ളം സംസ്കരിക്കുന്നതിനും ശേഷിയുണ്ട്.
ഈ സംരംഭം രാജ്യത്തിന്റെ വികസന ഭവന നിർമ്മാണ പ്രവർത്തനങ്ങളിൽ മുതൽക്കൂട്ടാകും എന്ന് കിരീടാവകാശി പറഞ്ഞു. സ്വകാര്യമേഖലയുമായി സഹകരിച്ച് നടക്കുന്ന ജല വൈദ്യുതി മേഖലകളിലെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി.
നൂതന വികസന സംരംഭങ്ങളിലൂടെ അടിസ്ഥാന പദ്ധതികളെ പിന്തുണയ്ക്കുന്നതിനോടൊപ്പം ജലവൈദ്യുതി പദ്ധതികൾ വികസിപ്പിക്കുന്നത് തുടരാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ഒന്നാം ഘട്ടം രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ടം വിജയകരമായി നടപ്പിലാക്കിയ ജല, വൈദ്യുതി മന്ത്രി, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സി ഇ ഒ, ജീവനക്കാർ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.
രണ്ടാം ഘട്ടം ജലവൈദ്യുതി പ്രവർത്തനങ്ങൾ പൊതു-സ്വകാര്യ കരാർ വഴിയാണ് നടക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. ഉപപ്രധാനമന്ത്രി, തെക്കൻ ഗവർണർ, ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി, ജല വൈദ്യുതി മന്ത്രി, മുതിർന്ന ഉദ്യോഗസ്ഥർ, അംബാസഡർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.