മനാമ: ബഹ്റൈനിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി റിപ്പോർട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വെള്ളിയാഴ്ച 3.87 ശതമാനമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ നാല് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റീവ് നിരക്കാണ് ഇത്. മെയ് 29ന് 3,224 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്നലെ 487 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡിനെ നേരിടാനായി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച നടപടികളുടെ വിജയത്തെ ഇത് സൂചിപ്പിക്കുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി കോൺടാക്ട് ട്രേസിംഗ് പരിപാടികളും, ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്ന നിയന്ത്രണങ്ങളും നിലനിൽക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 25 വരെ തുടരും.
