കൊറോണ വൈറസ് വ്യാപനം അവസാനിക്കുന്നതുവരെ മുൻകരുതൽ നടപടികൾ പാലിക്കുന്നത് തുടരണമെന്ന് പൊതുജനാരോഗ്യ ഡയറക്ടർ

മനാമ: കൊറോണ വൈറസ്സിനെ നേരിടുന്നതിനായി രാജ്യത്തെ പൗരന്മാരും താമസക്കാരും നടത്തുന്ന പ്രവർത്തനങ്ങളെ പൊതുജനാരോഗ്യ ഡയറക്ടർ ഡോക്ടർ നജത് അബു അൽ ഫത്തേഹ് പ്രശംസിച്ചു. ജനങ്ങളുടെ ഉത്തരവാദിത്തപരമായ പ്രവർത്തനങ്ങൾ രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചതായി ഡോക്ടർ നജത് പറഞ്ഞു.

കൊറോണ വൈറസ്സിനെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിൽ വിജയം നേടുന്നതുവരെ ആരോഗ്യ പ്രവർത്തകരും ദേശീയ മെഡിക്കൽ ടാസ്ക് ഫോർസും നടത്തുന്ന പ്രവർത്തനങ്ങൾക്ക് തുടർന്നും ജനങ്ങൾ പിന്തുണ നൽകണമെന്ന് ഡോക്ടർ അബു അൽ ഫത്തെഹ് ജനങ്ങളോട് ആവശ്യപ്പെട്ടു.

സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, കൈകൾ കഴുകുക തുടങ്ങിയ മുൻകരുതൽ നടപടികൾ തുടരണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു. കുടുംബ സംഗമങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യമില്ലാതെ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും നജത് അബു അൽ ഫത്തെഹ് ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ട്. എന്നാൽ കൊറോണവൈറസ് വർദ്ധിക്കുന്നത് തടയുന്നതിനായി ദേശീയ ടാസ്ക് ഫോഴ്സ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 25 വരെ തുടരും .