മനാമ: ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽ ബഹ്റൈനി വനിതകൾ കൈവരിച്ചത് ശ്രദ്ധേയ നേട്ടമെന്ന് ശൂറാ കൗൺസിലിലെ വിമൻ ആൻഡ് ചൈൽഡ് അഫയേഴ്സ് കമ്മിറ്റി അധ്യക്ഷ ഡോ. ഇബ്ദിസാം മുഹമ്മദ് സാലെഹ് ദലാൽ പറഞ്ഞു. വനിതാ രാഷ്ട്രീയ നേതാക്കളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ.
വിവിധ മേഖലകളിലെ ബഹ്റൈനി വനിതകളുടെ നേട്ടങ്ങൾ അവർ യോഗത്തിൽ വിശദീകരിച്ചു. വനിതാ ശാക്തീകരണത്തിനുള്ള ദേശീയ പദ്ധതി അംഗീകരിച്ചത് സ്ത്രീ മുന്നേറ്റത്തിന് ഹമദ് രാജാവ് നൽകുന്ന പിന്തുണയുടെ തെളിവാണ്. തുല്യ അവസരം ഉറപ്പുവരുത്തി മത്സരക്ഷമതയുള്ളതും സുസ്ഥിരവുമായ സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് ദേശീയ പദ്ധതിയുടെ ലക്ഷ്യം.
ഉദ്യോഗസ്ഥ ഭരണ തലങ്ങളിലെ വിവിധ മേഖലകളിൽ സ്ത്രീകൾ ഉന്നത പദവികൾ വഹിക്കുന്നുണ്ട്. ഇതിനുപുറമേ നയതന്ത്രം, ധനകാര്യം തുടങ്ങിയ മേഖലകളിലും സ്ത്രീകൾ നേതൃത്വനിരയിലുണ്ട്. വിവിധ മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലുമായി 24 അവസര സമത്വം യൂണിറ്റുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും ലിംഗ സമത്വം കൈവരിക്കുന്നതിന് ഭാഗമായാണിത്. ഭരണനിർവഹണ വിഭാഗത്തിലെ സൂപ്പർവൈസറി പദവികളിൽ 32 ശതമാനം സ്ത്രീകളാണെന്നത് രാജ്യത്തെ വനിതാ മുന്നേറ്റത്തിന്റെ തെളിവുകലാണെന്നും അവർ ചൂണ്ടിക്കാട്ടി. മഹാമാരിയുടെ കാലത്ത് മികച്ച നേതൃത്വം നൽകാൻ സ്ത്രീകളെ കഴിവുറ്റവരാക്കുന്നതിനെക്കുറിച്ചും ഉച്ചകോടി ചർച്ചചെയ്തു.