മനാമ: രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് ജൂൺ 25 വരെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 2 വരെ നീട്ടിയതായി നാഷണൽ മെഡിക്കൽ ടീം അറിയിച്ചു. നിലവിൽ തുടർന്ന് വരുന്ന നിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ വിലയിരുത്തിയതിനെ തുടർന്നാണ് തീരുമാനം. നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കേസുകളുടെ എന്നതിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും കുറയ്ക്കുന്നതിനായാണ് നിയന്ത്രണം നീട്ടിയത്. ആദ്യ ഘട്ടത്തിൽ ജൂൺ 10 വരെയും രണ്ടാം ഘട്ടത്തിൽ ജൂൺ 25 വരെയും പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളാണ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.
മാളുകൾ, സ്പോർട്സ് സെൻററുകൾ, നീന്തൽക്കുളങ്ങൾ, ബീച്ചുകൾ തുടങ്ങിയവ അടച്ചിടും. സർക്കാർ ഓഫീസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും. ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച് സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്. റസ്റ്റോറൻറുകൾ, കഫേകൾ എന്നിവ അടക്കമുള്ള ഭക്ഷണ വിൽപന ശാലകൾക്കും ടേക് എവേ, ഹോം ഡെലിവറി രീതിയിൽ പ്രവർത്തിക്കാവുന്നതാണ്. അതേസമയം, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങളോട് പൗരന്മാരും പ്രവാസികളും പൂർണമായും സഹകരിക്കണമെന്നും മുൻകരുതലുകൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ആഹ്വാനം ചെയ്തു.