മനാമ: ദേശിയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദേശിച്ച കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച് കൂട്ടം കൂടിയ മുഹറഖിലെ ഒരു ടൂറിസം കേന്ദ്രത്തിനെതിരെ നടപടി സ്വീകരിച്ചു പബ്ലിക് പ്രോസിക്യൂഷൻ മുമ്പാകെ ഹാജരാക്കിയതായി പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് മുറികളിലായി സാമൂഹിക അകലം പാലിക്കാതെയുള്ള ഒത്തുചേരലുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചുകൊണ്ട് 15 മുതൽ 19പേർ വരെ ഒത്തു ചേരലിൽ പങ്കെടുത്തതായി അധികൃതർ പറഞ്ഞു.
3 സ്ഥാപനങ്ങൾക്കെതിരെ ഇൻസ്പെക്ടർമാർ കൃത്യമായ സൗകര്യങ്ങൾ ഒരുക്കാത്തതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡ് നിയമലംഘനം നടത്തിയതിനെതിരെയും ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു.
കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോട്ടലുകൾ, റസ്റ്റോറന്റകൾ , ആഘോഷങ്ങൾ, വിവാഹങ്ങൾ , ഇവന്റ് ഹാളുകൾ എന്നിവയിൽ ഒത്തുചേരലുകൾ ആഘോഷങ്ങൾ നടത്തരുതെന്ന് അധികൃതർ അറിയിച്ചു. പകർച്ചവ്യാധി പടരാതിരിക്കാൻ ഉന്നത അധികാരികൾ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കണമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു.