മനാമ: ബഹ്റൈനിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ഭാഗിക അടച്ചിടൽ ഒരു മാസത്തോടടുക്കുമ്പോൾ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടർന്ന് മേയ് 28 മുതലാണ് രാജ്യത്ത് ഭാഗിക അടച്ചിടൽ നടപ്പാക്കിയത്. ആദ്യ ഘട്ടത്തിൽ ജൂൺ 10 വരെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ പിന്നീട് ജൂൺ 25 വരെയും ഫലപ്രദ മാർഗമെന്ന് കണ്ടതിനെ തുടർന്ന് ജൂലൈ 2 വരെയും ദീർഘിപ്പിക്കുകയായിരുന്നു.
അവശ്യ സേവനം ഒഴികെ എല്ലാ മേഖലകളും അടച്ചിട്ടുകൊണ്ടായിരുന്നു നിയന്ത്രണങ്ങൾ ആരംഭിച്ചത്. കോവിഡ് കേസുകൾ കുത്തനെ ഉയർന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളെ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തി യാത്രക്കാർക്കും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. റസ്റ്റാറൻറുകളിലും കഫേകളിലും ഡെലിവറി/ടേക് എവേ മാത്രമാക്കി. കൃത്യമായ മുന്നൊരുക്കത്തോടെ രണ്ടാം തരംഗത്തെ നേരിട്ട ബഹ്റൈൻ ഭരണകൂടത്തിൻറെ തീരുമാനങ്ങൾ ശരിവെക്കുന്നതായിരുന്നു തുടർ കണക്കുകൾ.
നിയന്ത്രണങ്ങൾ തുടങ്ങിയ മെയ് 28ന് 2957 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 21 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ആകെ ആക്ടിവ് കേസുകളുടെ എണ്ണം 28,073 ആയിരുന്നു. എന്നാൽ, ഏകദേശം ഒരു മാസം പിന്നിട്ട് ജൂൺ 26 ആയപ്പോൾ പ്രതിദിന കേസുകൾ കുത്തനെ കുറഞ്ഞു. 302 പുതിയ കേസുകൾ മാത്രമാണ് ശനിയാഴ്ച റിപോർട്ട് ചെയ്തത്. വെള്ളിയാഴ്ച ഒരു മരണം മാത്രമാണുണ്ടായത്. ആക്ടീവ കേസുകൾ 4420 ആയി കുറയുകയും ചെയ്തു. ഭീതിപ്പെടുത്തുന്ന നാളുകളിൽ നിന്ന് ആശ്വാസത്തിന്റെ ദിനങ്ങളിലേക്ക് എത്തിയതിന്റെ സമാധാനത്തിലാണ് രാജ്യത്തെ ജനങ്ങൾ. ശക്തമായ നിയന്ത്രണങ്ങൾക്കൊപ്പം ജനങ്ങളുടെ സഹകരണവും രോഗവ്യാപനം കുറയ്ക്കാൻ സഹായിച്ചു.
മെയ് 29നാണ് രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത്. 3274 പേർക്കാണ് അന്ന് പുതുതായി രോഗം ബാധിച്ചത്.
ഏറ്റവും കൂടുതൽ പ്രതിദിന മരണം സംഭവിച്ചത് ജൂൺ ഒന്നിനായിരുന്നു. 29 പേരാണ് അന്ന് കോവിഡ് ബാധിച്ച് മരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മേയ് 29നാണ്. 17.55 ശതമാനമായിരുന്നു അന്നത്തെ രോഗസ്ഥിരീകരണ നിരക്ക്. എന്നാൽ, ജൂൺ 26ന് ഇത് 2.29 ശതമാനത്തിലെത്തി.
ശക്തമായ നിയന്ത്രണങ്ങൾ ഒന്നുകൊണ്ട് മാത്രം രോഗവ്യാപനം ക്രമാനുഗതമായി കുറയുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ജൂൺ രണ്ടിന് പുതിയ കേസുകളുടെ എണ്ണം 2000 ന് താഴെയും ജൂൺ 11ന് പുതിയ കേസുകൾ 1000ന് താഴെയും എത്തി. ജൂൺ 18 മുതൽ 500 ൽ താഴെ മാത്രമാണ് പ്രതിദിന കേസുകൾ സ്ഥിരീകരിക്കുന്നത് എന്ന ആശ്വാസവുമുണ്ട്. ജൂലൈ രണ്ട് വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ. തുടർന്ന് സാഹചര്യം വിലയിരുത്തി വിവിധ മേഖലകൾ തുറക്കുന്നത് പരിഗണിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.