തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അയിരൂർ സ്വദേശിനിയായ പെൺകുട്ടി മരിച്ചു. തിരുവല്ലയിൽ റേഡിയോളജി വിദ്യാർഥിനിയായ കവിതയാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലായിരുന്നു. ഇന്ന് വൈകിട്ട് 6 മണിക്കായിരുന്നു മരണം.
കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു കവിത. അണുബാധ കൂടിയത് മരണത്തിലേക്ക് നയിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. വയറിന് കുത്തിയതിന് ശേഷമാണ് യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. മാര്‍ച്ച് 12-ന് തിരുവല്ലയിൽ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ കുമ്പനാട് സ്വദേശി അജിൻ റെജി മാത്യൂസ് എന്നയാളുടെ ആക്രമണത്തിന് പെണ്‍കുട്ടി ഇരയായത്. പ്രതി അജിന്‍ പെണ്‍കുട്ടിയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് അമ്മാവന്‍ സന്തോഷ് പറഞ്ഞിരുന്നു. പ്രതിയെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.