മനാമ: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ബഹ്റൈൻ മന്ത്രിസഭാ യോഗം. ഭാഗിക അടച്ചുപൂട്ടലും നിയന്ത്രണങ്ങളും വഴി ഗുണപരമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നും കോവിഡ് വ്യാപനത്തോതും അതു മൂലമുള്ള മരണവും ഗണ്യമായി കുറക്കാൻ സാധിച്ചത് നേട്ടമാണെന്നും യോഗം വിലയിരുത്തി. പ്രതിരോധ വാക്സിനും ബൂസ്റ്റർ ഡോസും നൽകുന്ന പ്രവർത്തനം തുടരാനും മന്ത്രിസഭ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ച സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ബഹ്റൈനികളുടെ വേതനം തൊഴിൽരഹിത ഫണ്ടിൽനിന്നും നൽകുന്നതിന് തുടക്കമിടാൻ കാബിനറ്റ് തീരുമാനിച്ചു. മൂന്നു മാസത്തെ വേതനമാണ് ഇപ്രകാരം നൽകുക. ഇതിൽ ആദ്യമാസ വേതനം മുഴുവനായും മറ്റു രണ്ടു മാസങ്ങളിലേത് 50 ശതമാനം വീതവുമാണ് നൽകുക. മെച്ചപ്പെട്ട ആരോഗ്യ സേവനം തുടരുന്നതിൻെറ ഭാഗമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരം വിവിധ ഗവർണറേറ്റുകളിൽ ഒമ്പത് ഹെൽത്ത് സെൻ ററുകളുടെ പ്രവർത്തനം 24 മണിക്കൂറാക്കാൻ തീരുമാനിച്ചത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടതായി യോഗം വിലയിരുത്തി.
ലഹരിമുക്ത സമൂഹത്തിനുള്ള ആഭ്യന്തര മന്ത്രാലയത്തിൻെറ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നും അതിന് പിന്തുണയും നൽകുന്നതായും മന്ത്രിസഭ യോഗം വ്യക്തമാക്കി. ലോക ലഹരിവിരുദ്ധ ദിനാചരണത്തിൽ ബഹ്റൈനും പങ്കുചേർന്നിരുന്നു. സമൂഹത്തെ ലഹരിയിൽ നിന്നും മുക്തമാക്കാനും അതിെൻറ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും മന്ത്രാലയം കൂടുതൽ ശ്രദ്ധ നൽകുന്നതായും വിലയിരുത്തി.
70 വർഷം പൂർത്തിയാക്കുന്ന ഗൾഫ് എയറിന് കാബിനറ്റ് ആശംസകൾ നേർന്നു. ഏവിയേഷൻ മേഖലയിൽ ശക്തമായ സാന്നിധ്യമായി മാറാൻ കമ്പനിക്ക് സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗ തീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.