മനാമ: കോവിഡ് ആരംഭിച്ചത് മുതൽ ജൂലൈ ഒന്നുവരെയുള്ള കണക്ക് പ്രകാരം മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 93,000 പേരിൽനിന്ന് പിഴ ഈടാക്കിയതായി വിവിധ ഗവർണറേറ്റുകളിലെ പൊലീസ് മേധാവികൾ വ്യക്തമാക്കി. പൊതുജനങ്ങളിൽ അധികം ആളുകളും കോവിഡ് പ്രതിരോധ നിയമങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തുന്നവരാണെന്നും അതിനാലാണ് കോവിഡ് വ്യാപനത്തോത് കുറഞ്ഞ നിലയിലേക്ക് എത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ഉദ്ധരിച്ച് സുരക്ഷാ അതോറിറ്റി വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കാത്തതിന് 11,362 പേർക്കെതിരെ നടപടിയെടുക്കുകയും 13,065 ബോധവത്കരണ കാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് നാഷനൽ ആംബുലൻസ് സെൻററിൽ 17,204 കോളുകളാണ് സ്വീകരിച്ചത്. ട്രാൻസ്പോർട്ട് അതോറിറ്റി 38,931 പ്രാവശ്യം സർവിസ് നടത്തിയതിലൂടെ 1,04,276 പേരെ ചികിത്സക്കെത്തിച്ചു. സിവിൽ ഡിഫൻസ് വിഭാഗം കോവിഡ് തുടങ്ങിയത് മുതൽ ജൂലൈ ഒന്നുവരെ 3,46,201 ശുചീകരണപ്രവർത്തനങ്ങൾ നടത്തി.