മാനമ: ഇഷ്ടികകൾക്കടിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച പാകിസ്ഥാനിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് റിഫയിലെ ഒരു സൈറ്റിൽ ഇഷ്ടികകൾക്കടിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച പ്രവാസിയെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ജോലി അന്വേഷിച്ച് നടക്കവേ അജ്ഞാതനായ ഒരാൾ ആവശ്യപ്പെട്ടത് പ്രകാരം വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വെക്കുകയായിരുന്നു എന്നാണു ഇയാൾ നൽകിയ മൊഴി. രണ്ട് മണിക്കൂറിന് രണ്ടു ദിനാർ വീതം ലഭിച്ചതായും പറയുന്നു. 28 കാരനായ പ്രതി നിലവിൽ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുകയാണ്. പ്രാദേശികമായി ഷാബു എന്നറിയപ്പെടുന്ന നിരോധിത ഉൽപ്പന്നമായ മെഥംഫെറ്റാമൈൻ വിൽക്കുകയും ഉപയോഗിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.