മനാമ: ഷെയ്ഖ് സായിദ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി റൗണ്ട് എബൗട്ടിൽ മൺപാത്ര സ്മാരകത്തിൻറെ നിർമാണ പ്രവർത്തനം ആരംഭിച്ചതായി പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തിലെ റോഡുകൾക്കായുള്ള അസി. അണ്ടർ സെക്രട്ടറി ഹുദ അബ്ദുല്ല ഫക്രു പറഞ്ഞു. നിർമാണ ജോലികൾ ഏകദേശം 10 ദിവസത്തേക്ക് തുടരും. 83 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായി. സ്ട്രീറ്റ് 12ൽ പുതിയ ട്രാഫിക് ലൈറ്റ് സ്ഥാപിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. എ.എം.എ യൂനിവേഴ്സിറ്റി മുതൽ ശൈഖ് ഈസ ബിൻ സൽമാൻ സ്ട്രീറ്റ് വരെയുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് വേലികൾ തയാറാക്കാനുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. മലിനജല പമ്പിങ് സ്റ്റേഷൻറെയും മഴവെള്ള ഡ്രെയിനേജ് ശൃംഖലകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.
ആലി, സൽമാബാദ്, മദീനത്ത് സായിദ് എന്നിവിടങ്ങളിൽ നിന്ന് ശൈഖ് ഖലീഫ ബിൻ സൽമാൻ റോഡ് വഴി മനാമയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിനുള്ള പ്രധാന മാർഗമായതിനാൽ ശൈഖ് സായിദ് റോഡ് വിപുലീകരണ പദ്ധതി നിർണായകമാണ്. കൂടാതെ, ഈസ ടൗണിലെ വിദ്യാഭ്യാസ മേഖലയിലെത്താനും ഡ്രൈവിങ് പരിശീലന സ്കൂളിനും ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിനും മുന്നിലുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഈ പദ്ധതി സഹായിക്കും. ഓരോ ദിശയിലും റോഡ് രണ്ടു വരിയിൽനിന്ന് മൂന്നു വരിയായി വികസിപ്പിക്കുക, റൗണ്ട് എബൗട്ടുകൾ ട്രാഫിക് സിഗ്നലുകളാക്കി മാറ്റുക, ‘ഡിസംബർ 16’റോഡിൻറെ വികസനവും പദ്ധതിയുടെ ഭാഗമാണ്. 23.4 ദശലക്ഷം ദീനാറാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. അബൂദബി ഡെവലപ്മെൻറ് ഫണ്ട് ആണ് ധനസഹായം നൽകുന്നത്.