ന്യൂസിലന്‍റ് മസ്ജിദ് ഭീകരാക്രമണം, മുഴുവന്‍ വിശ്വാസികളും ഇന്ന് പ്രാര്‍ത്ഥന നടത്തുക: സമസ്ത

?????????????????????????????????????????????????????????

മനാമ: ന്യൂസിലൻഡിലെ ഇരു മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ 50 പേര്‍ ശഹീദാവുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ മുഴുവന്‍ വിശ്വാസികളും ഇന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ബഹ്റൈനില്‍ സമസ്തക്കു കീഴിലുള്ള മുഴുവന്‍ ഏരിയാ കേന്ദ്രങ്ങളിലും പ്രതിവാര സ്വലാത്ത് മജ് ലിസുകളിലും ഇന്ന് പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്കാരവും സംഘടിപ്പിക്കണമെന്ന് ഏരിയാ ഭാരവാഹികള്‍ക്കും സമസ്ത ബഹ്റൈന്‍ കേന്ദ്രകമ്മറ്റിയുടെ പേരില്‍ തങ്ങള്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതനുസരിച്ച് ബഹ്റൈനിലുടനീളം ഇന്ന് മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടക്കും.

വിശ്വാസികൾ സ്വന്തം രാജ്യത്തിനും താമസിക്കുന്ന രാജ്യത്തിനും കുടി പ്രാര്‍ത്ഥിക്കണമെന്നും തങ്ങള്‍ പ്രത്രേകം നിര്‍ദേശിച്ചിട്ടുണ്ട്.

അതേ സമയം ന്യൂസ് ലാന്‍റില്‍ ഈ വെള്ളിയാഴ്ച, മുസ്ലിം വിശ്വാസികള്‍ക്ക് പിന്തുണ അറിയിച്ച് പൗരന്മാരെല്ലാം രണ്ടു മിനിറ്റ് മൗനപ്രാര്‍ത്ഥന നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ജുമുഅ സമയത്ത് രാജ്യത്തെ റേഡിയോ, ടെലിവിഷന്‍ എന്നിവ മുഖേനെ വിശ്വാസികള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ച് ബാങ്കുവിളിയും പ്രക്ഷേപണം ചെയ്യും. ഈ സമയത്ത് സ്ത്രീ ജനങ്ങളെല്ലാം ഹിജാബ് ധരിക്കും. ദാരുണമായ സംഭവത്തിന് ശേഷം രാജ്യത്തെ മസ്ജിദുകളില്‍ പ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന കഴിയും വരെ ഇതര വിശ്വാസികള്‍ കാവല്‍ നില്‍ക്കുന്ന കാഴ്ചയും ഇപ്പോള്‍ രാജ്യത്ത് സാധാരണമായിരിക്കുകയാണ്.