മനാമ: ബഹ്റൈനിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ ‘റോയൽ ഹോസ്പിറ്റൽ ഫോർ വിമെൻ ആൻഡ് ചിൽഡ്രൻ’ റിഫയിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഉദ്ഘാടനം ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ നിർവഹിച്ചു. യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ ഗ്രൂപ്പുകളിലൊന്നായ വിപിഎസ് ഹെൽത്ത് കെയറിൻറെ ബഹ്‌റൈനിലെ സംരംഭമാണ് ‘റോയൽ ഹോസ്പിറ്റൽ ഫോർ വിമെൻ ആൻഡ് ചിൽഡ്രൻ’.
മാതൃ-ശിശു സംരക്ഷണ മേഖല കേന്ദ്രീകരിച്ചാവും സ്ഥാപനത്തിന്റെ ശ്രദ്ധയും പ്രവർത്തനങ്ങളും. ആരോഗ്യ-പഠന മേഖലയിലെ ഗൾഫിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനിയായ അമാനത്ത് ഹോൾഡിങ്‌സാണ് ആശുപത്രി സ്ഥാപിച്ചിരിക്കുന്നത്. വിപിഎസ് ഹെൽത്ത് കെയറാവും ആശുപത്രിയുടെ നടത്തിപ്പ് ചുമതല നിർവഹിക്കുക.
“ബഹ്‌റൈനിലേയ്ക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇതിനായി സഹായിച്ച ബഹ്‌റൈനിലെ സർക്കാരിനും എല്ലാ ഭരണാധികാരികൾക്കും നന്ദി പറയുന്നുവെന്നും വിപിഎസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷംഷീർ വയലിൽ പറഞ്ഞു. അമാനത്ത് ഹോൾഡിങ്‌സിന്റെ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം.
ഉദ്‌ഘാടന ചടങ്ങിൽ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയും ബഹ്‌റൈൻ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ ലോകത്തെ പൗര പ്രമുഖരും സന്നിഹിതരായിരുന്നു.
https://www.facebook.com/BahrainVaartha/videos/2098381963551022/