മനാമ: ബഹ്‌റൈനിൽ കോവിഡ് കാലത്ത് തൊഴിൽ നഷ്ടമായതിനെത്തുടർന്ന് പാർക്കിൽ കഴിയവേ മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി സാമു ഗംഗാധരൻറെ മൃതദേഹം സംസ്കരിച്ചു. ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെല്‍പ്‌ലൈന്‍ ടീമിന്റെ നേതൃത്വത്തില്‍ അല്‍ബ ക്രിമേഷന്‍ സെന്ററില്‍ വെച്ചായിരുന്നു ആചാര പ്രകാരം സംസ്കാരം നടന്നത്. കോവിഡ് സ്ഥിരീകരിച്ചതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവാത്തതിനാൽ സാമുവിന്റെ ഭാര്യ രമണിക്കും മക്കൾക്കും ഓണ്‍ലൈനായി ബി കെ എസ് എഫ് മുൻകൈയെടുത്ത് സംസ്കാര ചടങ്ങിൽ പങ്കുചേരാനുള്ള അവസരം ഒരുക്കിയിരുന്നു.
ബികെഎസ്എഫ് ഭാരവാഹികളായ ബഷീര്‍ അമ്പലായി, സുബൈര്‍ കണ്ണൂര്‍, നെജീബ് കടലായി, നാട്ടുകാരനായ വസീം എന്നിവര്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഹോട്ടൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ജോലി നഷ്ടമായത്. കഴിഞ്ഞ നാല് മാസമായി മനാമ അൽ ഹംറ തിയറ്ററിന് സമീപത്തെ പാർക്കിലാണ് താമസിച്ചിരുന്നത്. രാവും പകലും പാർക്കിൽ കഴിഞ്ഞ ഇദ്ദേഹത്തിന് ആരെങ്കിലും നൽകുന്ന ഭക്ഷണമായിരുന്നു ആശ്രയം. ഇദ്ദേഹത്തിൻറെ അവസ്ഥ കണ്ട് ഇടപെട്ട ചില സാമൂഹിക പ്രവർത്തകർ സഹായം വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) പ്രവർത്തകരാണ് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചിരുന്നത്.
തുടര്‍ന്ന് എംബസിയുടെ സഹായത്താലാണ് ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെല്‍പ്‌ലൈന്‍ സാമുവിന്റെ മൃതദേഹം സംസ്‌കരിക്കാൻ മുൻകൈയെടുത്തത്. സാമുവിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതിയും എംബസി ഉദ്യോഗസഥരും ഐസിആര്‍എഫ് ചെയര്‍മാനും വാഗ്ദാനം ചെയ്തതായി ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെല്‍പ്‌ലൈന്‍ അറിയിച്ചു. ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളും ബികെഎസ്എഫിൻറെ നേതൃത്വത്തിൽ നടന്നുവരികയാണ്.
സാമുവിന്റെ കൂടെ പാർക്കിൽ ഇതേ അവസ്ഥയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയായ കൃഷ്ണൻ വീരപ്പനെ ബികെഎസ്എഫ് കൂട്ടായ്മ എല്ലാ വിധ സംരക്ഷണവും നൽകി കമ്പനിയുമായി ബന്ധപ്പെട്ട് സ്പോൺസർ മുഖേനെ വേണ്ട ആനുകൂല്യങ്ങൾ നേടി കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചിരുന്നു.