പാസ്സ്‌പോർട്ട് തട്ടിപ്പ്; ഇന്ത്യക്കാരന് 10 വര്ഷം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി

മനാമ: മറ്റൊരാളുടെ പാസ്‌പോർട്ട് ഉപയോഗിച്ച് കബളിപ്പിച്ചു രാജ്യം വിട്ട കേസിൽ പ്രതിക്ക് പത്തു വര്ഷം തടവ് വിധിച്ച് കോടതി. ഡിസംബർ 28നായിരുന്നു 32 കാരനായ ഇന്ത്യക്കാരൻ 26 കാരനായ മറ്റൊരു ഇന്ത്യകാരന്റെ പാസ്‌പോർട്ട് ഉപയോഗിച്ച് എമിഗ്രേഷൻ ഉദ്യോഗസ്ഥരെ കബളിപ്പിച്ചു രാജ്യം വിട്ടത്.

ജൂൺ 27 ന് പ്രതിയെ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കാൻ ശ്രമിച്ചെങ്കിലും ഹാജരാക്കാനായിരുന്നില്ല. തുടർന്ന് ജൂലൈ 18 ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടക്കാൻ ശ്രമിച്ച കുറ്റത്തിനും ഇയാൾ പ്രതിയാണ്.

പ്രതിയെ തനിക്കറിയില്ലന്നും തൻ്റെ പാസ്‌പോർട്ട് ആർക്കും നൽകിയിട്ടില്ലെന്നും 26 കാരനായ ഇന്ത്യൻ പ്രവാസി പ്രോസിക്യൂട്ടർമാരോട് പറഞ്ഞു. ഈ വർഷം ജനുവരി ഒന്നിന് തനിക്കൊരു കാൾ ലഭിച്ചതായും പാസ്‌പോർട്ടിനെക്കുറിച്ച് ചോദിച്ചതായും ഇയാൾ പറഞ്ഞു. ആരാണ് പാസ്പോർട്ട് മോഷ്ടിച്ചതെന്നോ എങ്ങനെയാണ് പാസ്പോർട്ട് അപ്രത്യക്ഷമായതെന്നോ തനിക്കറിയില്ലന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഇദ്ദേഹത്തെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോയിരുന്നു.