കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഫാമിലി ഫെസ്റ്റ് 2021 സമാപിച്ചു

മനാമ: കോവിഡ് ദുരിതകാലത്ത് വീടകങ്ങളിൽ ഒതുങ്ങിപോയ കൊച്ചു കലാകാരൻമാർക്കും, മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കുമായി ഓൺലൈനിൽ നടത്തിയ ലൈവ് പ്രോഗ്രാമായ കെ.പി.എഫ്. ഫാമിലി ഫെസ്റ്റ് ശ്രദ്ധേയമായി. BMC ഗ്ലോബലിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ പാർലമെൻ്റ് മെമ്പർ ഡോ: സ്വാസൻ മുഹമ്മദ് അബ്ദുൾ റഹീം കമാൽ മുഖ്യാതിഥിയായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് ശ്രീ.പി.വി.രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത പ്രോഗ്രാം കെ.പി.എഫിൻ്റെയും, ബി.എം.സിയുടെയും ഫേസ് ബുക്ക് പേജുകളിലൂടെ ലൈവായി ടെലികാസ്റ്റ് ചെയ്തു.

പ്രസിഡണ്ട് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ്, ഐമാക് ബഹ്റൈൻ മീഡിയാസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സൽമാനിയ ഹോസ്പിറ്റൽ ആക്സിഡൻ്റ് ആൻ്റ് എമർജൻസി ചീഫ് ഡോ: പി.വി.ചെറിയാൻ, കെ.പി.എഫ് രക്ഷാധികാരികളായ കെ.ടി.സലീം, വി.സി.ഗോപാലൻ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ ബഹ്റൈനിൽ നിന്നും, കേരള പൊതുമരാമത്ത് മന്ത്രി.മുഹമ്മദ് റിയാസ്, കോഴിക്കോട് എം.പി.എം.കെ രാഘവൻ, ബി.ജെ.പി.സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് എന്നിവർ നാട്ടിൽ നിന്നും പരിപാടിക്ക് ആശംസകൾ നേർന്നു.ജനറൽ സെക്രട്ടറി ജയേഷ്.വി.കെ സ്വാഗതം പറഞ്ഞു കൊണ്ടാരംഭിച്ച ഉദ്ഘാടന ചടങ്ങ് ട്രഷറർ റിഷാദ് വലിയകത്ത് നന്ദി പറഞ്ഞു കൊണ്ടും സമാപിച്ചു. എൻ്റർടെയ്ൻമെൻ്റ് സെക്രട്ടറി അഭിലാഷിൻ്റെ നേതൃത്വത്തിൽ ഫൈസൽ പാട്ടാണ്ടി, അഷ്റഫ്.പി, അഖിൽ താമരശ്ശേരി, ഹരീഷ്.പി.കെ, പ്രജിത്ത്.സി,രജീഷ്.സി.കെ, ശശി അക്കരാൽ, ജിതേഷ് ടോപ് മോസ്റ്റ്, അനിൽകുമാർ, പ്രജീഷ്.എം.ടി, സഞ്ജയ് ജയേഷ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു .ടെക്നിക്കൽ സപ്പോർട്ടുമായി നിഖിൽ വടകരയും, ബി.എം.സി ടെക്നീഷ്യൻമാരും ,എം.സിമാരായി അനിലയും, സാബു പാലയും പരിപാടികൾ നിയന്ത്രിച്ചു.