മനാമ: രണ്ട് ദിവസത്തെ ബഹ്റൈൻ പര്യടനത്തിനെത്തിയ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് രാജ്യത്തെ വിവിധ കോവിഡ് ചികിത്സ, വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിച്ചു. ആരോഗ്യമന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. വാലിദ് അൽ മാനിയയും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, ഷാമിൽ ഫീൽഡ് സെൻറർ, സിത്ര മാളിലെ വാക്സിനേഷൻ സെൻറർ, മുഹറഖ് ഗവർണറേറ്റിലെ വെഹിക്കിൾ ടെസ്റ്റിങ് സെൻറർ എന്നിവിടങ്ങളിൽ സന്ദർശിച്ച അദ്ദേഹം രാജ്യത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. കോവിഡ് പ്രതിരോധത്തിന് ബഹ്റൈൻ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ ഡോ. വാലിദ് അൽ മാനിയ വിശദീകരിച്ചു. രാജ്യത്തെ മികച്ച ആരോഗ്യ സംവിധാനത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ആഗോള പോരാട്ടത്തിലെ മുൻനിര രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ എന്ന് ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് വ്യാപനം തടയാൻ നിരവധി മുൻകരുതൽ നടപടികൾ രാജ്യം നടപ്പാക്കിയിട്ടുണ്ട്. ബഹ്റൈനിൽ ആദ്യ കോവിഡ് കേസ് കണ്ടെത്തും മുമ്പ് ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്കനുസരിച്ച് രാജ്യം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. സൗജന്യ പരിശോധന, ക്വാറൻ്റൈൻ, ചികിത്സ, പ്രതിരോധ കുത്തിവെപ്പ് എന്നീ കാര്യങ്ങളിൽ ബഹ്റൈൻ സ്വീകരിച്ച നടപടികൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തിനും വാക്സിൻ നൽകാൻ സാധിച്ചതും നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.