അസ്കറിലുണ്ടായ തീ പിടിത്തം നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്

മനാമ: അസ്കറിലെ സ്‌ക്രാപ്പ് പ്രദേശത്തുണ്ടായ തീ പിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 21 വാഹനങ്ങളും 85 ഉദ്യോഗസ്ഥരുമായി ജനറൽ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിൻറെ കൃത്യമായ ഇടപെടൽ മൂലമാണ് ആളിപ്പടർന്ന തീ അണയ്ക്കാൻ സാധിച്ചത്. തീ അണച്ചതിന് ശേഷം പ്രദേശത്തെ താപനില സാധാരണ രീതിയിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള പ്രവർത്തനങ്ങളും നടന്നു.

ഇന്നലെ ഉച്ചയ്ക്ക് 12:48 നാണ് കേസ് റിപ്പോർട്ട് ചെയ്തതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ അലി മുഹമ്മദ് അൽ ഹുത്തായ് പറഞ്ഞു. മിനിറ്റുകൾക്കുള്ളിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. പരിസര പ്രദേശങ്ങൾ സുരക്ഷിതമാക്കാൻ ദേശീയ ആംബുലൻസ്, സതേൺ പോലീസ്, ട്രാഫിക് പട്രോളിംഗ് തുടങ്ങിയ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു . ഇതുവരെ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.