മനാമ: മുൻ ഭർത്താവ് ആസിഡ് മുഖത്ത് എറിഞ്ഞുവെന്ന കേസിൽ വിചാരണയ്ക്കായി ഒരു സ്ത്രീ കോടതിയിൽ ഇന്നലെ ഹാജരായി. കുറ്റാരോപിതനായ ആൾ മുഖത്ത് ആസിഡ് ഒഴിച്ചതായും ഗ്ലാസ് പൊട്ടിച്ച് മുഖം മുറിച്ചതായും ഇവർ കോടതിയിൽ പറഞ്ഞു. ജനുവരി 24നാണ് സ്ത്രീയ്ക്ക് നേരെ ആക്രമണം നടന്നത്. 39 വയസ്സുകാരിയായ ബഹ്‌റൈനി യുവതിയാണ് ഇന്നലെ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരായി മൊഴി നൽകിയത്. എന്നാൽ 42 വയസ്സുകാരനായ കുറ്റാരോപിതൻ കോടതിയിലും പബ്ലിക് പ്രോസിക്യൂഷനിലും കുറ്റം നിഷേധിച്ചു. ഇയാളുടെ സഹോദരനും ഇന്നലെ കോടതിയിൽ ഹാജരായി. ആസിഡ് അറ്റാക്കിൽ മുഖത്തിനും കഴുത്തിനും കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ ഇവർ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ കോസ്മെറ്റിക് ചികിത്സ നടത്തുകയാണ്.
