മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂളിന് നൂറുശതമാനം വിജയം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ഈ നേട്ടം സ്വന്തമാക്കുന്നത്. 646 വിദ്യാർഥികളാണ് സ്കൂളിൽനിന്ന് പരീക്ഷ എഴുതിയത്. ആരോൺ ഡൊമിനിക് ഡികോസ്റ്റയും ആദിത്യ സിങ്ങും 99 ശതമാനം വീതം മാർക്ക് നേടി സ്കൂൾ ടോപ്പർമാരായി.
ഇരുവരും സയൻസ് സ്ട്രീമിൽ നിന്നുള്ളവരാണ്. മേഘന ഗുപ്ത (സയൻസ്), റിധി നിലേഷ്കുമാർ റാത്തോഡ് (കോമേഴ്സ്) എന്നിവർ 98.4 ശതമാനം മാർക്കുമായി രണ്ടാം സ്ഥാനം പങ്കിട്ടു. 98 ശതമാനം മാർക്ക് നേടിയ ഹ്യുമാനിറ്റീസ് സ്ട്രീമിൽ നിന്നുള്ള ഇനാസ് മുഹമ്മദ് ഷുഐബ് മൂന്നാം സ്ഥാനം നേടി.
18 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡും 63 വിദ്യാർഥികൾക്ക് എ ഗ്രേഡും ലഭിച്ചു. 97.8 ശതമാനം വിദ്യാർഥികൾക്കും 60 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു.
മികച്ച വിജയം നേടിയ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, അക്കാദമിക്സ് അംഗം മുഹമ്മദ് ഖുർഷീദ് ആലം, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.
വിദ്യാർഥികൾ സ്കൂളിൻറെ അഭിമാനം ഉയർത്തിയതായി പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്ക് വിദ്യാർഥികളുടെയും അധ്യാപകരുടെയും നിശ്ചയദാർഢ്യത്തെ പരാജയപ്പെടുത്താൻ കഴിയില്ല എന്നതിൻറെ ഉദാഹരണമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.