മനാമ: പത്തു ലക്ഷത്തിലധികം പേർക്ക് പൂർണമായും വാക്സിൻ നൽകി നിർണായക നേട്ടം കൈവരിച്ച ബഹ്റൈൻ സർക്കാറിനെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ അഭിനന്ദിച്ചു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച വെർച്വൽ ഓപൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാരോഗ്യ സംഘടനയുടെ’ആരോഗ്യ നഗരം’ എന്ന പദവി മനാമക്ക് ലഭിച്ചതിലും അദ്ദേഹം ബഹ്റൈൻ ഭരണകൂടത്തെ അഭിനന്ദിച്ചു. ഈ ബഹുമതി ലഭിച്ച മിഡിൽ ഈസ്റ്റ് മേഖലയിലെ ആദ്യത്തെ തലസ്ഥാനനഗരമാണ് മനാമ.
വിവിധ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്കായി എംബസി ആരംഭിച്ച പ്രത്യേക വാക്സിനേഷൻ കാമ്പയിനും സർക്കാറിൻറെ ഭാഗത്തുനിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്.
ഇനിയും വാക്സിൻ രജിസ്ട്രേഷന് ബുദ്ധിമുട്ട് നേരിടുന്നവർ എംബസിയുടെ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. (forms.gle/pMT3v1g3o4yVgnES8). ലിങ്ക് എംബസിയുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ലഭ്യമാണ്.
ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങളും അംബാസഡർ വിശദീകരിച്ചു. പ്രതിദിന കോവിഡ് കേസുകൾ 40,000 ആയി കുറഞ്ഞു. രോഗമുക്തി നിരക്ക് 97 ശതമാനമായി. 450 ദശലക്ഷം പേർക്ക് വാക്സിൻ നൽകുകയും ചെയ്തു.
പാസ്പോർട്ട് നമ്പറും ക്യുആർ കോഡും അടങ്ങിയ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ സർക്കാർ നൽകാൻ ആരംഭിച്ചതായും അംബാസഡർ അറിയിച്ചു. രണ്ട് ഡോസ് വാക്സിനുകളെക്കുറിച്ചും സർട്ടിഫിക്കറ്റിൽ സൂചിപ്പിക്കുന്നുണ്ട്. വാക്സിൻ സ്വീകരിച്ച (പ്രത്യേകിച്ച് കോവിഷീൽഡ്/അസ്ട്രസെനക്ക വാക്സിൻ) ഇന്ത്യക്കാർക്ക് തടസ്സങ്ങളില്ലാതെ ബഹ്റൈൻ ഉൾപ്പെടെ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ സഹായിക്കും.
മധു, മുഹമ്മദ് ഖാലിദ് എന്നിവരുടെ വിഷയം പരിഹരിക്കുന്നതിനും നാല് വീട്ടുജോലിക്കാരെ രക്ഷിച്ച് ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചയക്കുന്നതിനും സഹായിച്ച ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, എ.ടി.എം എന്നീ അസോസിയേഷനുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ആഗസ്റ്റ് 15ന് രാവിലെയും വൈകീട്ടും നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ വെർച്വലായി പെങ്കടുക്കാൻ അദ്ദേഹം ഇന്ത്യൻ പ്രവാസി സമൂഹത്തോട് പറഞ്ഞു. അതിനുള്ള ലിങ്കുകളും വിശദാംശങ്ങളും പിന്നീട് നൽകും. ഓപൺ ഹൗസിൻറെ പരിഗണനക്ക് വന്ന വിവിധ പരാതികളിൽ ചിലത് ഉടൻ പരിഹരിച്ചു. മറ്റുള്ളവ കഴിയുന്നതും വേഗത്തിൽ പരിഹരിക്കാനും തീരുമാനമായി.