മനാമ: 40 വയസ്സിനു മുകളിലുള്ള 95,000 പേർക്ക് ബൂസ്റ്റർ ഷോട്ടുകൾ നൽകുക എന്ന ലക്ഷ്യവുമായി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്. രാജ്യത്തെ 80% പേരിലേക്ക് ബൂസ്റ്റർ ഡോസ് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്തെ 40 വയസ്സിനു മുകളിലുള്ള 2,50,000 പേർ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരാണെന്നും ഇവരിൽ 1, 05,000 പേർക്ക് ഇതിനകം തന്നെ ഒരു ഡോസ് ബൂസ്റ്റർ ഡോസ് ലഭിച്ചിട്ടുണ്ടെന്നും ടാസ്ക് ഫോഴ്സ് സൂചിപ്പിച്ചു. ഇതിൻറെ ഭാഗമായി നാളെ ആഗസ്ത് 1 മുതൽ രാജ്യം യെല്ലോ ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറും. 40 വയസ്സും അതിൽ കൂടുതലുമുള്ളവരിൽ 80 ശതമാനം പേരും ബൂസ്റ്റർ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷമാകും ഇനി ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച ലെവലുകളിലേക്കുള്ള മാറ്റം ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി തീരുമാനിക്കുക.
ബൂസ്റ്റർ ഡോസിന് അർഹരായ എല്ലാവരും രജിസ്റ്റർ ചെയ്യണമെന്നും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ടാസ്ക് ഫോഴ്സ് ചൂണ്ടിക്കാട്ടി. 40 വയസ്സും അതിൽ കൂടുതലും പ്രായമുള്ള, രണ്ട് ഡോസ് സിനോഫാം സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ് ഒരു മാസമായി കുറച്ചതായി നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. വലീദ് അൽ മാനിഅ് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രായ വിഭാഗത്തിലുള്ളവർക്ക് ബി അവെയർ ആപ്ലിക്കേഷനിലെ ലോഗോയുടെ നിറം ആഗസ്റ്റ് 31ന് മഞ്ഞയിലേക്ക് മാറും.
ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സമയമായെന്ന് സൂചിപ്പിക്കാനാണ് ഇത്. ബൂസ്റ്റർ ഡോസ് എടുത്ത ശേഷം ലോഗോ വീണ്ടും പച്ചയായി മാറും. ബി അവെയർ ആപ് വഴിയും www.healthalert.gov.bh എന്ന ആരോഗ്യ മന്ത്രാലയത്തിൻറെ വെബ്സൈറ്റ് വഴിയും ബൂസ്റ്റർ ഡോസിന് രജിസ്റ്റർ ചെയ്യാം.
വാക്സിനേഷൻറെ ഫലപ്രാപ്തി വർധിപ്പിച്ച് കോവിഡ് ലക്ഷണങ്ങളുടെ കാഠിന്യം കുറക്കാൻ ബൂസ്റ്റർ ഡോസ് സഹായിക്കുമെന്ന് നാഷനൽ മെഡിക്കൽ ടീം അംഗം ലഫ്. കേണൽ ഡോ. മനാഫ് അൽ ഖഹ്താനി പറഞ്ഞു. ജൂലൈ 27 വരെ 1,31,192 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. ബൂസ്റ്റർ ഡോസ് എടുത്ത് 14 ദിവസത്തിനുശേഷം വൈറസ് ബാധിച്ചത് 71 പേർക്ക് മാത്രമാണ്. ഇത് 0.05 ശതമാനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തിലുള്ളവരിൽ ആർക്കും ഹോസ്പിറ്റൽ ചികിത്സവേണ്ടിവന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.