തുർക്കിയിലുണ്ടായ കാട്ടുതീയിൽ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ

മനാമ: തുർക്കിയുടെ വിവിധ ഭാഗങ്ങളിലായി കാട്ടുതീ പടർന്നുപിടിച്ചതിനെത്തുടർന്ന് നിരവധിപേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം തുർക്കി ഭരണകൂടത്തിനും ജനങ്ങൾക്കും അനുശോചനം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ദുരന്തത്തിൽ റിപ്പബ്ലിക്ക് ഓഫ് തുർക്കിയോടുള്ള രാജ്യത്തിന്റെ സഹാനുഭൂതിയും ദുരിതത്തിൽ നിന്നും തിരിച്ചുവരാനുള്ള രാജ്യത്തിൻറെ ശ്രമങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ചു.

തുര്‍ക്കിയുടെ തെക്കന്‍ ഭാഗത്തുണ്ടായ അതിശക്തമായ കാട്ടുതീയില്‍ മരണസംഖ്യ ഉയരുന്നതയാണ് റിപ്പോർട്ടുകൾ. ഇതുവരെ കാട്ടുതീയില്‍പ്പെട്ട് ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തും കാനഡയിലും കഴിഞ്ഞമാസം അതിശക്തമായ കാട്ടുതീ നാശം വിതച്ചതിന് പിന്നാലെയാണ് തുര്‍ക്കിയിലും ദുരന്തമെത്തിയത്. രണ്ട് തൊഴിലാളികള്‍കൂടി മരണപ്പെട്ടതിനെത്തുടര്‍ന്നാണ് മരണസംഖ്യ ആറായി ഉയര്‍ന്നത്. തുര്‍ക്കിയിലെ മെഡിറ്ററേനിയന്‍, തെക്കന്‍ ഈജിയന്‍ പ്രദേശങ്ങളിലാണ് അതിശക്തമായ കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്.

മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ കാട്ടുതീ മൂലം നാഷനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളായ തെക്കന്‍ തുര്‍ക്കിയുടെ ചില ഭാഗങ്ങള്‍ ദുരന്തമേഖലകളായി തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച മുതലാണ് തുര്‍ക്കിയിലുടനീളം തീ പടര്‍ന്നുപിടിച്ചത്. 1,500 ഏക്കറോളം കൃഷിഭൂമി കത്തിനശിച്ചു. ഗ്രാമങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീ പടര്‍ന്നതോടെ ആളുകളെ നിര്‍ബന്ധപൂര്‍വം അധികൃതര്‍ ഒഴിപ്പിച്ചു. മാനവ്ഗട്ടില്‍ കുറഞ്ഞത് അഞ്ച് പേരും മര്‍മരിസില്‍ ഒരാളും മരിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളായ രണ്ട് നഗരങ്ങളും മെഡിറ്ററേനിയന്‍ തീരത്താണ് സ്ഥിതിചെയ്യുന്നത്. നൂറുകണക്കിനാളുകള്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.