മനാമ: ഉറക്കത്തിനിടയിൽ വീണ്ടുമൊരു പ്രവാസി മലയാളി കൂടി ബഹ്‌റൈനിൽ നിര്യാതനായി. ദീർഘ നാളുകളായ് ബഹ്‌റൈൻ പ്രവാസിയായിരുന്ന മലപ്പുറം അപ്ഹിൽ സ്വദേശി ശ്രീനിവാസൻ (52)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ താമസസ്ഥലത്തെ കിടക്കയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യ: ബിന്ദുവും രണ്ട് മക്കളും നാട്ടിലാണ്.
രണ്ടു ദിവസങ്ങൾക്ക് മുൻപായിരുന്നു ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന മാഹി സ്വദേശി 27 കാരൻ നവാഫ് മുസാവ ഉറക്കത്തിനിടയിൽ മരണപ്പെട്ടത്. പുലർച്ചെ സമാനമായ രീതിയിൽ നവാഫിനെ സുഹൃത്തുക്കൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്ന നവാഫിൻറെ വിയോഗം നാട്ടിലും പ്രവാസ ലോകത്തും ഏറെ ഞെട്ടലാണ് ഉളവാക്കിയത്.