മനാമ: യെല്ലോ ലെവലിൽ സിനിമാ തിയേറ്ററുകളിൽ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 30 ശതമാനമാക്കി കുറച്ചതായി കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. തീരുമാനം വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നു. 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഏറ്റവും പുതിയ കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഈ തീരുമാനം എടുത്തത്. പുതിയ കണക്കുകൾക്കനുസരിച്ച് ഓരോ ജാഗ്രതാ ലെവലിലെയും നിബന്ധനകളിൽ മാറ്റം വന്നേക്കാമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്ന മുൻകരുതലുകൾ പാലിക്കേണ്ടതിൻറെ പ്രാധാന്യവും ടാസ്ക്ഫോഴ്സ് ആവർത്തിച്ചു.