മനാമ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമഭാവനയുടെ പ്രതീകമാണെന്ന് യു.ഡി.എഫ് നേതാവും സി.എം.പി ജന. സെക്രട്ടറിയുമായ സി.പി. ജോണ്‍ പറഞ്ഞു. ശിഹാബ് തങ്ങളുടെ 12ാം ഓര്‍മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ ‘ഞങ്ങളുടെ തങ്ങള്‍, എല്ലാവരുടെയും’ എന്ന പേരില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മിതവാദിക്കപ്പുറം ദൃഢചിന്തകനായിരുന്നു. മനുഷ്യ സ്നേഹത്തിലധിഷ്ഠിതമായ ദൃഢതയില്നിന്നാണ് അദ്ദേഹം ഊര്‍ജം ഉള്‍ക്കൊണ്ടത്. പ്രതിന്ധിഘട്ടങ്ങളില്‍ നോക്കാവുന്ന പ്രകാശഗോപുരമായിരുന്നു ശിഹാബ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വഴി നടന്ന സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ഗഫൂര്‍ കയ്പമംഗലം അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫക്രുദ്ദീന്‍ കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, കെ.എം.സി.സി ബഹ്റൈൻ സീനിയർ വൈസ് പ്രസിഡൻറ് കുട്ടൂസ മുണ്ടേരി എന്നിവര്‍ സംസാരിച്ചു. ആക്ടിങ് ജന. സെക്രട്ടറി കെ.പി. മുസ്തഫ സ്വാഗതവും സെക്രട്ടറി എ.പി. ഫൈസല്‍ നന്ദിയും പറഞ്ഞു. ട്രഷറർ റസാഖ് മൂഴിക്കൽ, വൈസ് പ്രസിഡൻറുമാരായ ശംസുദ്ദീൻ വെള്ളിക്കുളങ്ങര, അബ്ദുൽ ലത്തീഫ്, സെക്രട്ടറിമാരായ ഒ.കെ. ഖാസിം, റഫീഖ് തോട്ടക്കര തുടങ്ങിയവർ സംബന്ധിച്ചു. പി.വി. മന്‍സൂര്‍ സംഗമം നിയന്ത്രിച്ചു.