മനാമ: സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുൻപന്തിയിൽ നിൽക്കുന്ന പ്രവാസികളുടെ നാടാണ് ബഹ്‌റൈൻ എന്നത് തെളിയിക്കും വിധമുള്ള ഒരു സത്കർമത്തിനായിരുന്നു കഴിഞ്ഞ ദിവസം സൽമാനിയ ആശുപത്രി സാക്ഷ്യം വഹിച്ചത്. പ്രമേഹ രോഗ ബാധിതയായതിനെ തുടർന്ന് ഒരു കാൽ മുറിച്ചു മാറ്റേണ്ടി വരികയും, അടുത്ത കാലും വളരെ മോശം സാഹചര്യത്തിലായ നാല്പത്കാരിയായ ഫിലിപ്പിനോ സ്വദേശിനിക്ക് കൈത്താങ്ങായിരിക്കുകയാണ് ബഹ്‌റൈൻ മലയാളി ജീവകാരുണ്യ കൂട്ടായ്മയായ പ്രതീക്ഷ (ഹോപ്പ്) ബഹ്‌റൈൻ. രോഗാവസ്ഥയെ തുടർന്ന് ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കുന്ന അവർക്കായി ഒരു വീൽ ചെയറും ഗൾഫ് കിറ്റുമാണ് പ്രതീക്ഷയുടെ ഇടപെടലിലൂടെ കഴിഞ്ഞ ദിവസം സൽമാനിയ ആശുപത്രിയിൽ വച്ച് സമ്മാനിക്കാനായത്. ബഹ്‌റൈൻ പ്രവാസ ലോകത്തെ സ്വീകാര്യനായ സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്തായിരുന്നു വിഷയം അവതരിപ്പിച്ച ‘പ്രതീക്ഷ’യിലൂടെ യുവതിക്ക് വീൽ ചെയർ സ്പോൺസർ ചെയ്തത്. ഒപ്പം പേര് വെളിപ്പെടുത്താത്ത ഒരാൾ ‘പ്രതീക്ഷ’യുടെ കർമ്മ മണ്ഡല ആശയമായ നാട്ടിലേക്ക് പോകുന്ന പ്രയാസപ്പെടുന്നവർക്കുള്ള ഗൾഫ് കിട്ടും സമ്മാനിച്ചു.
സംഘടനകളാലും വ്യക്തികളാലും എന്തിനേറെ പറയുന്നു, കേവലം വാട്സാപ്പ് ഗ്രൂപ്പും കൂട്ടായ്മകൊണ്ട് പോലും ബഹ്‌റൈൻ പ്രവാസ ലോകത്തു, നാടും വീടും രാജ്യവും മതവും ജാതിയും നോക്കാതെ സഹജീവികൾക്ക് കൈത്താങ്ങാവുന്ന സുമനസുകൾ ഒരനുഗ്രഹമാവുമ്പോൾ ഇനിയും ‘പ്രതീക്ഷ’യുടെ കിരണങ്ങൾ ഉദയം കൊള്ളട്ടെ എന്ന് ഏവർക്കും ആശിക്കാം.