മനാമ: രാജ്യം ആശൂറാ ദിനങ്ങളിലേക്ക് കടക്കുന്ന വേളയിൽ കോവിഡ് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഓർമപ്പെടുത്തി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് മുതിർന്ന അംഗം ഡോ: ജമീല അൽ സൽമാൻ. ഷിയാ മുസ്ലീം കലണ്ടറിലെ പ്രത്യേക പ്രാധാന്യമുള്ള അശൂറാ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വിവിധ ഗ്രാമങ്ങളിൽ നിന്നും തലസ്ഥാനത്തു നിന്നും ആളുകൾ ഒത്തുകൂടുന്നതിനാൽ കോവിഡ് നിയന്ത്രണങ്ങൾ അധികൃതർ കർശനമാക്കിയിട്ടുണ്ട്.
അശൂറാ ദിനങ്ങളിൽ രാജ്യത്തെ മാത്തമുകളിൽ പാലിക്കേണ്ട നിർദേശങ്ങൾ നീതിന്യായ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് മന്ത്രാലയം പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിന് ശേഷം ആദ്യമായി സ്ത്രീകൾക്ക് മാത്തത്തിൽ പ്രവേശിക്കാനും പുരുഷ കമ്മ്യൂണിറ്റി ഹാളുകളിൽ സമ്മിശ്ര പ്രസംഗങ്ങളിൽ പങ്കെടുക്കാനുമുള്ള അവസരം ഈ പ്രാവിശ്യം ലഭിക്കും.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കുകയയോ രോഗ മുക്തി നേടൂകയോ ചെയ്‌തവർക്ക് മാത്രമാണ് മാത്തത്തിൽ പ്രവേശനാനുമതി ഉള്ളത്. ആകെ ശേഷിയുടെ മുപ്പതു ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനാനുമതി. പ്രസംഗങ്ങളും പ്രാർത്ഥനകളും മറ്റും ലൈവ് ആയി പ്രദർശിപ്പിക്കും. കൂട്ടികൾക്ക് പ്രാർത്ഥന കേന്ദ്രങ്ങളിൽ പ്രവേശനാനുമതിയില്ല. കേന്ദ്രങ്ങളിൽ എത്തുന്നവർ രണ്ട് മീറ്റർ അകലം പാലിക്കുകയും മാസ്ക്കും സാനിറ്റയ്‌സറും ഉപയോഗിക്കുകയും ചെയ്യണം.