മനാമ: ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ബഹ്‌റൈൻ പ്രതിഭ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു ആഗസ്ത് 15 രാവിലെ 75 പ്രതിഭ പ്രവർത്തകർ രക്തദാനം നടത്തി തുടർന്ന് വൈകീട്ട് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചു വർഷങ്ങൾ എന്ന പേരിൽ ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടി കേരള നിയമസഭ സ്പീക്കർ ശ്രീ എംബി രാജേഷ് ഉദ്‌ഘാടനം ചെയ്തു.
കേവല ആഘോഷങ്ങളിൽ ഒതുക്കാവുന്ന ഒന്നല്ല സ്വാതന്ത്ര്യ ദിനാഘോഷം എന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. നൂറു കണക്കിന് നാട്ടു രാജ്യങ്ങളായി ചിതറി കിടന്നിരുന്ന ഇന്ത്യ ആധുനിക ജനാധിപത്യ രാഷ്ട്രമായി രൂപം കൊണ്ടത് സ്വാതന്ത്ര്യ സമരത്തിലൂടെയാണ്, നമ്മുടെ ഭരണഘടനയും സ്വാതന്ത്ര്യ സമരത്തിലൂടെ ഉയർന്നുവന്ന ആശയങ്ങളുടെയും മൂല്യസംഹിതകളുടെയും ഒരു മൂർത്തരൂപമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തന്നെ ഇന്ത്യ എന്ന രാഷ്ട്ര വീക്ഷണത്തെ ഉൾക്കൊള്ളുന്നതാണ്. ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളായ മത നിരപേക്ഷതയും ജനാധിപത്യവും പരമാധികാരവും വലിയ വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. 1947നും 2014നുമിടക്ക് ഭരണഘടനാ മൂല്യങ്ങളിൽ ശോഷണവും ചോർച്ചയുമാണ് ഉണ്ടായെതെങ്കിൽ 2014നു ശേഷം ഈ മൂല്യങ്ങൾ തച്ചുടയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മതനിരപേക്ഷതയും ജനാധിപത്യവും പരസ്പര പൂരകങ്ങളാണ്.മത നിരപേക്ഷത ഇല്ലാത്തിടത് ജനാധിപത്യത്തിന് പുലരാനാകില്ല.അതുകൊണ്ടു തന്നെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണ്.എങ്ങനെ സ്വാതന്ത്ര്യ സമര സേനാനികളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെയും സ്വപ്‌നങ്ങൾ പ്രാവർത്തികമാക്കി രാജ്യത്തെ ജനാധിപത്യവും, മതനിരപേക്ഷതയും, പരമാധികാരവും സംരക്ഷിച്ചു മുന്നോട്ടുപോകാം എന്ന ചോദ്യമാണ് സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ നാം മുന്നോട്ട് വയ്ക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻകുമാർ സ്വാഗതം പറഞ്ഞ പരിപാടിക്ക് പ്രതിഭ വൈസ്പ്രസിഡന്റ് കെ എം രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐസിആർഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ , പ്രാവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ , പ്രതിഭ രക്ഷാധികാരി സമിതി അംഗം എവി അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.