സോഷ്യൽ മീഡിയ നിരാലംബർക്കായി പടവാളാക്കിയ ‘ഫിറോസ് കുന്നുംപറമ്പിൽ’ ബഹ്‌റൈനിൽ; മാറ്റ് ബഹ്‌റൈൻ 15-ാം വാർഷികാഘോഷം നാളെ(വെള്ളി)

മനാമ: മഹല്‍ അസോസിയേഷന്‍ ഓഫ് തൃശൂര്‍ (MAT Bahrain) 15-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ കർമ്മ ശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങാനായി സോഷ്യൽ മീഡിയയെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു ശ്രദ്ധേയനായ ഫിറോസ് കുന്നുംപറമ്പിൽ ബഹ്റൈനിലെത്തും. വിപുലമായ പരിപാടികളോടെ നാളെ (മാര്‍ച്ച് 29ന് വെള്ളി) വൈകീട്ട് 6.30ന് മനാമ അല്‍ രാജ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് വാര്‍ഷികാഘോഷ പരിപാടികളെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘നിറനിലാവ്’ എന്ന് പേരിട്ട പരിപാടി ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം സവ്‌സന്‍ കമാല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെ മാറ്റ് ബഹ്‌റൈനിന്റെ പ്രഥമ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിക്കും. തുടര്‍ന്ന് ഇശലിന്റെ രാജകുമാരന്‍ കണ്ണൂര്‍ ശരീഫും സംഘവും നയിക്കുന്ന സംഗീത വിരുന്നും മാറ്റ് കുടുംബാഗങ്ങള്‍ അവതരിപ്പിക്കുന്ന ഒപ്പന, കോല്‍ക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

മാറ്റ് ബഹ്‌റൈന്‍ വെബ്‌സൈറ്റ് ലോഞ്ചിംഗ്, മാറ്റ് അംഗങ്ങള്‍ക്ക് ഷിഫ പ്രിവലിലേജ് കാര്‍ഡ് വിതരണം, മുന്‍ ഭാരവാഹികളെ ആദരിക്കല്‍ എന്നിവയും നടക്കും. രാഷ്ട്രീയ, മത ചിന്തകള്‍ക്ക് അതീതവുമായ കൂട്ടായ്മയാണ് മാറ്റ്. തൃശൂര്‍ ജില്ലക്കാരായ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാംസ്‌കാരികവും സാമൂഹ്യവുമായ ഉന്നമനത്തിനും അവരുടെ ക്ഷേമ കാര്യങ്ങള്‍ക്കും സാധിക്കുന്ന സഹായങ്ങള്‍ നല്‍കി അവരെ ഉയര്‍ത്തി കൊണ്ടുവരിക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. കഴിഞ്ഞ 15വര്‍ഷത്തിനിടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ പ്രളയ കാലത്ത് ഏറ്റവും മികച്ച സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തനമാണ് മാറ്റ് അംഗങ്ങള്‍ നാട്ടില്‍ കാഴിച്ചു വച്ചത്. ഇനിയും ഒരു പാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. ഈ സംഘടനയുടെ മുതിര്‍ന്ന സ്ഥാപക നേതാക്കളുടെ മാതൃകാപരമായ നേതൃത്വവും യുവ തലമുറയുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളും ഇതിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്ക് വഹിച്ചുവെന്നും ഭാരവാഹികള്‍ അറിയിച്ചു.

മാറ്റ് പ്രസിഡന്റ്‌ ഗഫൂർ കൈപ്പമംഗലം, പ്രോഗ്രാം ചെയർമാൻ സിയാദ് K.M, കൺവീനർ റിയാസ് ഇബ്രാഹിം , മാറ്റ് ട്രഷറർ ഹിളർ വലിയകത്ത് , ഷിഫാ അൽജസീറ മാർക്കറ്റിംഗ് മാനേജർ മൂസ അഹമ്മദ്, ഷെഹഫാദ്, ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഇരിഞ്ഞാലക്കുട, പ്രോഗ്രാം കോർഡിനേറ്റർ ഹംസ ചാവക്കാട്, കമ്മിറ്റി അംഗങ്ങളായ റാഫി മൂന്നുപീടിക , ഷാജഹാൻ മാള , അലി കേച്ചേരി , ലബീബ് കരിപ്പാക്കുളം , കാദർ കേച്ചേരി , സഗീർ അൽമുല്ല, നവാസ് അലി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.