മനാമ: സ്വതന്ത്ര ഇന്ത്യക്കുവേണ്ടി സ്വന്തം ജീവന്‍പോലും സമര്‍പ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗണ്‍സിലിൻറെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്നും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടത്തിയ പോരാട്ടമാണ് മലബാര്‍ കലാപം. ഇതിനെ വര്‍ഗീയലഹളയാക്കി മാറ്റാനുള്ള നീക്കം അപലപനീയമാണ്. ഈ നീക്കം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ജീവന് പോലും ബലിയര്‍പ്പിച്ചവരോട് നടത്തുന്ന നീതികേടാണെന്നും സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ഗഫൂര്‍ കൈപ്പമംഗലം, ആക്ടിങ് ജന. സെക്രട്ടറി കെ.പി. മുസ്തഫ എന്നിവര്‍ പറഞ്ഞു. സംഘ്പരിവാറിൻറെ കുഴലൂത്തുകാരായി ചരിത്ര ഗവേഷണ കൗണ്‍സില്‍ മാറിയിരിക്കുന്നുവെന്നത്, ആ സ്ഥാപനത്തിൻറെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു.