bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ ഫീസ് വർദ്ധനവിനെ ചൊല്ലി നടക്കുന്ന കുപ്രചരണങ്ങൾ യാഥാർഥ്യങ്ങൾ മറച്ചുവെച്ചുകൊണ്ട് തത്പര കക്ഷികൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ്; ഭരണ സമിതി

isb2

മനാമ: ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കമ്മ്യൂണിറ്റി സ്ഥാപനമായ ഇന്ത്യൻ സ്കൂളിൻറെ യശസ്സ് തകർക്കാൻ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില തത്പര കക്ഷികൾ നടത്തുന്ന കുപ്രചാരണങ്ങളെ പൊതുസമൂഹം അവജ്‌ഞതയോടെ തള്ളിക്കളയണമെന്ന് ഇന്ത്യൻ സ്കൂൾ ഭരണ സമിതി വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു. എല്ലാ ആരോപണങ്ങൾക്കും വ്യക്തമായ മറുപടിയുണ്ടെന്നും രക്ഷിതാക്കളുടെ എല്ലാവിധ സംശയങ്ങളും ദൂരീകരിക്കാൻ സാധിക്കും വിധം തെളിവുകളും രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും, കുപ്രചരണങ്ങളിൽ വഞ്ചിതരാവാതെ തങ്ങൾക്ക് അത് ബോധ്യപ്പെടുത്താൻ സാധിക്കുമെന്നും ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു.

ഉന്നതമായ പഠനനിലവാരവും അച്ചടക്കവും കൈമുതലാക്കി ബഹറൈനിലെ പ്രവാസി സമൂഹത്തിനു എന്നും അഭിമാനവും ആശ്രയവുമായി നിലകൊള്ളുന്ന ഇന്ത്യൻ സ്‌കൂൾ അതിൻ്റെ പ്രയാണത്തിന്റെ നാഴികക്കല്ലായ എഴുപതാം വാർഷികാഘോഷവേളയിലേക്ക് കടക്കുന്ന അവസരത്തിൽ ഇത്തരം പ്രചാരണങ്ങൾ ഖേദകരമാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് സ്കൂൾ ഭരണസമിതിയും അതിൻ്റെ എല്ലാ ഘടകങ്ങളും ചേർന്നു തയ്യാറാക്കി കൊണ്ടിരിക്കുന്നത്. ISB@70 എന്ന മുദ്രാവാക്യവുമായി ഒരുക്കുന്ന ഈ പരിപാടികളിൽ മുഴുവൻ മാധ്യമ പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇങ്ങനെ സജീവമായി പ്രവർത്തിക്കുന്ന നമ്മുടെ സ്കൂളിനെ കുറിച്ച് കാര്യങ്ങൾ പഠിക്കാതെ ചില തല്പര കക്ഷികൾ നടത്തുന്ന കുപ്രചരണങ്ങൾ പൊതു സമൂഹം കാര്യമായിട്ട് എടുക്കരുത്. ഫീസ് വർദ്ധനവുമായി ബന്ധപ്പെട്ടാണ് ഇത്തരം തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നത്. ഈ ഫീസ് വർധനയുടെ യഥാർത്ഥ ഉത്തരവാദികൾ 2011-14 ലെ ഭരണ സമിതിയാണ്. അധ്യാപകരുടെ ഇൻഡെമിനിറ്റി തുകയായ 1.2 മില്യൺ ദിനാർ മരവിപ്പിച്ചു കൊണ്ടാണ് റിഫ ക്യാമ്പസ്‌ നിർമ്മിക്കാൻ ആവശ്യമായ തുക ലോൺ എടുത്തത്. അതും മൂന്നു വർഷത്തെ മോറട്ടോറിയം നേടിയെടുത്ത് അതിന്റെ മുഴുവൻ ബാധ്യതയും ഈ ഭരണ സമിതിയുടെ തലയിൽ ഏൽപ്പിച്ചുകൊണ്ടായിരുന്നു. പ്രതിമാസം 51,000 ദിനറാണ് ലോൺ അടയ്‌ക്കേണ്ട തുക. മാത്രവുമല്ല, അന്ന് ബാങ്കിന് കൊടുത്ത MOU വിൽ ഫീസ് വർധിപ്പിച്ചു കൊള്ളാം എന്ന് എഴുതി ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ 2016 ൽ കൂടിയ വാർഷിക പൊതു യോഗം പ്രതിമാസം ഒരു കുട്ടിക്ക് 5 ദിനാർ ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചു. 2019 നുള്ളിൽ രണ്ടു ഘട്ടമായി അത് നടപ്പിലാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളിന് അനുവാദം നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഫീസ് വർദ്ധനവ് നിയമ വിധേയവും അനിവാര്യവുമാണ്‌. ഫീസ് വർധനക്ക് ശേഷവും ബഹ്‌റൈനിൽ ഏറ്റവും കുറഞ്ഞ ഫീസ് നിരക്ക് ഈടാക്കുന്ന സ്ഥാപനം ഇന്ത്യൻ സ്കൂൾ ആണ്. കൂടാതെ, 3.2 ലക്ഷം ദിനാർ ട്രാൻസ്‌പോർട് കമ്പനിക്ക് കുടിശിക ഇട്ടു കൊണ്ടാണ് അന്നത്തെ ഭരണ സമിതി അധികാരം ഒഴിഞ്ഞത്. ഇപ്പോഴത്തെ ഭരണ സമിതി നിലവിൽ വന്ന ശേഷം ഭരണ സുതാര്യതയും സാമ്പത്തിക അച്ചടക്കവും നടപ്പിലാക്കിയതിന്റെ ബലമായി ഇന്ത്യൻ സ്‌കൂളിന്റെ നിലവാരം സമസ്ത മേഖലയിലും ഉയർത്തുവാൻ സാധിച്ചു. ഇന്ത്യൻ സ്‌കൂളിനെ കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും രക്ഷിതാക്കൾ പോലുമല്ലാത്ത ചില തല്പര കക്ഷികൾ ശ്രമിക്കുന്നതായി കാണുന്നു. ഇത്തരം സാഹചര്യത്തിൽ യഥാർത്ഥ വസ്തുതകൾ മനസിലാക്കാൻ മാധ്യമ സുഹൃത്തുക്കളും രക്ഷിതാക്കളും ഇന്ത്യൻ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഇന്ത്യൻ സ്‌കൂളിന് ഒരു കൃത്യമായ സാമൂഹ്യ മാധ്യമ നയം രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായും ഈ വേളയിൽ അറിയിക്കുന്നു.” – പ്രതിനിധികൾ പറയുകയുണ്ടായി.

കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഇന്ത്യൻ സ്കൂൾ സമസ്ത മേഖലകളിലും അസൂയാർഹമായ കുതിച്ചു ചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഭരണ സമിതിയുടെ കാലഘട്ടത്തിലാണ് സ്കൂളിന് UNESCO യുടെ അഫിലിയേഷൻ ലഭ്യമായത്. ബഹ്‌റൈനിൽ യുനെസ്കോ അഫിലിയേഷൻ നേടുന്ന ഏക സി.ബി.എസ്.ഇ സ്‌കൂളാണ് ഇന്ത്യൻ സ്‌കൂൾ. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം പരിശോധിക്കുന്ന BQA 76% വളർച്ച രേഖപ്പെടുത്തി ഇന്ത്യൻ സ്കൂളിന് അർഹമായ അംഗീകാരം നൽകിയിട്ടുണ്ട്. രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ഗുണകരമാകുന്ന തരത്തിൽ പേരന്റ് പോർട്ടലും മൊബൈൽ ആപ്പും സൃഷ്ടിക്കാനായത് ഈ ഭരണ സമിതിയുടെ നേട്ടങ്ങൾ ആണ്. സ്‌കൂൾ ലൈബ്രറിയിൽ 130 ശതമാനത്തിൽ അധികം പുസ്തകങ്ങൾ വാങ്ങിയത് കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനാണ്. അക്കാദമിക രംഗത്തെ മികവിൻ്റെ തെളിവാണ് കഴിഞ്ഞ വർഷങ്ങളിൽ ഗൾഫിലെ തന്നെ ഉയർന്ന റാങ്കുകൾ ഇന്ത്യൻ സ്‌കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ക്‌ളാസ്സുകളിലേക്കും അഡ്‌മിഷനായി രക്ഷകർത്താക്കൾ തിരക്ക് കൂട്ടുന്നതും മികവിന്റെ നേർ സാക്ഷ്യമാണ്. ഈ കാര്യത്തിൽ അധ്യാപകരുടെ സേവനം വിലമതിക്കേണ്ടതാണ്. അതു കൊണ്ട് തന്നെ ഈ ഭരണസമിതി വന്നതിനു ശേഷം എല്ലാ സ്റ്റാഫുകൾക്കും രണ്ടു തവണ ശമ്പള വർധനവു നടപ്പിലാക്കി. മാത്രവുമല്ല, എക്സ്പാട്രിയേറ്റ് സ്റ്റാഫുകളുടെ ഹൗസ് റെന്റ് അലവൻസ് കാലാനുസൃതമായി പരിഷ്കരിക്കുകയും ചെയ്തു. 2019 -2020 അക്കാദമിക് വർഷം മുതൽ എല്ലാ സ്റ്റാഫുകളുടെയും ശമ്പള നിരക്ക് പുനർ നിർമ്മിക്കാൻ ഭരണസമിതി തീരുമാനിച്ചു കഴിഞ്ഞു.

കലാകായിക രംഗങ്ങളിൽ ഇന്ത്യൻ സ്‌കൂൾ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചു കൊണ്ടിരിക്കുന്നത്. അന്തർദേശീയ തലത്തിലും ദേശീയ തലത്തിലും ഇന്ത്യൻ സ്‌കൂളിന്റെ പതാക ഈ കാലഘട്ടങ്ങളിൽ ഉയർന്നു നിൽക്കുന്നത് നാം അവർക്ക് കൊടുക്കുന്ന പരിശീലനവും പിന്തുണയും കൊണ്ടാണ്. CBSE ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടു വർഷം സുവർണ പതക്കം നേടിയതും ആദ്യ ബഹ്‌റൈൻ മിനി ഒളിംപിക്സിൽ ഓവറാൾ ചാമ്പ്യന്മാരായതും അതിന് ചില ഉദാഹരണങ്ങൾ മാത്രം. പഠ്യേതര വിഷയങ്ങളിൽ ഇന്ത്യൻ സ്‌കൂളിന്റെ പ്രവർത്തനം എല്ലാവർക്കും പരിചിതമാണ്. സുവർണ ജൂബിലി ആഘോഷിക്കുന്ന സ്കൂൾ ബാൻഡ് ഈ രാജ്യത്തെ മികച്ച ബാൻഡുകളിൽ ഒന്നാണ്. സ്കൗട്ട് & ഗൈഡ്, കബ്സ് & ബുൾബുൾ, സ്പോർട്സ് അക്കാദമി എന്നിവ ആരംഭിച്ചത് ഈ ഭരണസമിതിയുടെ കാലത്താണ്. ഇന്ത്യൻ പ്രാദേശിക ഭാഷകൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയത് രക്ഷകർത്താക്കൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ജൂനിയർ ക്വിസ് കോമ്പറ്റിഷൻ, മാതൃക ഐക്യ രാഷ്ട്ര സഭ, വിവിധ തരം പഠന ക്ലബ്ബുകൾ, ഹരിത ക്യാമ്പസ്‌, കുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള കളിക്കളം, എന്നിവ ആരംഭിച്ചതും ഈ ഭരണ സമിതിയുടെ നേട്ടങ്ങൾ തന്നെയാണ്.സ്‌കൂൾ ലബോറട്ടറികളുടെ വിപുലീകരണം ഓഡിറ്റോറിയം വികസനം, ടോയ്ലറ്റ് പരിഷ്കരണം, എയർ കണ്ടിഷൻ മാറ്റി സ്ഥാപിക്കൽ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ നല്ല രീതിയിൽ മെച്ചപെടുത്തി സ്‌കൂൾ മുന്നേറിക്കൊണ്ടിരിക്കുന്നു.

വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആൻ്റണി, അക്കാദമിക് മെമ്പർ മുഹമ്മദ് ഖുർഷീദ് ആലം, ഫിനാൻസ് മെമ്പർ അഡ്വ. ബിനു മണ്ണിൽ വര്ഗീസ്, സ്പോർട്സ് ആൻഡ് ഡിസിപ്ലിൻ മെമ്പർ രാജേഷ് എം എൻ, ഹെൽത്ത് ആൻഡ് എൻവിറോണ്മെന്റ് മെമ്പർ അജയ് കൃഷ്ണൻ, ഇസ ടൌൺ ട്രാൻസ്‌പോർട് മെമ്പർ സജി ജോർജ്, ഐ ടി മെമ്പർ ദീപക് ഗോപാലകൃഷ്ണൻ, റിഫാ ക്യാമ്പസ് ട്രാൻസ്‌പോർട് മെമ്പർ മുഹമ്മദ് നയസുള്ള, പ്രിൻസിപ്പാൾ വി ആർ പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പാൾ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൻ കെ ദേവസ്സി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!