മനാമ: ബഹ്‌റൈനിലെത്തുന്ന യാത്രക്കാർക്കുള്ള പുതുക്കിയ മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിലായി. ഇത് പ്രകാരം ആഗസ്റ്റ് 29 മുതൽ ബഹ്റൈനിലേക്ക് വരുന്ന ആറു വയസും അതിൽ കൂടുതലും ഉള്ളവർ ഇനി മുതൽ അഞ്ചാം ദിവസവും കോവിഡ് പി.സി.ആർ പരിശോധന നടത്തണം. ഇതുവരെ വിമാനത്താവളത്തിൽ എത്തുമ്പോഴും തുടർന്ന് 10ാം ദിവസവുമായിരുന്നു പരിശോധന നടത്തേണ്ടിയിരുന്നത്. കോവിഡ് പ്രതിരോധ മെഡിക്കൽ സമിതിയുടെ നിർദേശപ്രകാരമാണ് സിവിൽ ഏവിയേഷൻ അഫയേഴ്സ് തീരുമാനം പ്രഖ്യാപിച്ചിരുന്നത്. ഇതോടെ മൂന്നു പരിശോധനകൾക്കുമായി എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ അടക്കേണ്ട തുക 36 ദിനാറാക്കി. നേരത്തെ രണ്ട് റെസ്റ്റുകൾക്കായി 24 ദിനാറായിരുന്നു അടക്കേണ്ടിയിരുന്നത്. പരിശോധനകൾക്കുള്ള പേയ്മെന്റ് എയർപോർട്ടിലെ കിയോസ്ക് വഴിയോ അല്ലെങ്കിൽ ‘ബിഅവെയർ ബഹ്‌റൈൻ’ ആപ്ലിക്കേഷൻ വഴി അടക്കാവുന്നതാണ്.