മനാമ: യുവജനകാര്യ, കായിക മന്ത്രി അയ്മൻ ബിൻ തൗഫീഖ് അൽ മൊഅയ്ദ് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷിബന്ധത്തെ മന്ത്രി പ്രശംസിച്ചു. യുവജന മേഖലയിലും വൈദഗ്ധ്യ കൈമാറ്റത്തിലും ഉൾപ്പെടെ വിവിധ മേഖലകളിൽ ബന്ധം ശക്തമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ അംബാസഡർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. വിവിധ മേഖലകളിൽ ബഹ്റൈനുമായി സഹകരണം വർധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ താൽപര്യം അംബാസഡർ അറിയിച്ചു.