മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവിസുകൾ വർദ്ധിപ്പിച്ചത് നിലവിൽ വന്നു. ഇതുപ്രകാരം എയർ ഇന്ത്യയും ഗൾഫ് എയറും ദിവസം രണ്ട് സർവിസ് വീതമാണ് നടത്തുക.
ബംഗളൂരുവിൽനിന്ന് കൊച്ചി വഴി പുതുതായി ആരംഭിച്ച എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം ബുധനാഴ്ച ബഹ്റൈനിൽ എത്തി. എയർ ഇന്ത്യ ഡൽഹിയിൽനിന്ന് ബഹ്റൈനിലേക്ക് ആഴ്ചയിൽ രണ്ട് സർവിസ് നടത്തിയിരുന്നത് ഇനിമുതൽ നാലാകും. ഹൈദരാബാദിൽനിന്ന് ഒരു സർവിസ് നടത്തിയിരുന്നത് രണ്ടായി വർധിപ്പിച്ചു. ബംഗളൂരുവിൽനിന്ന് കൊച്ചി വഴിയുള്ള പുതിയ സർവിസ് ബുധൻ, ശനി ദിവസങ്ങളിൽ നടത്തും.
ബഹ്റൈനിൽനിന്ന് കോഴിക്കോട് വഴി മുംബൈയിലേക്ക് മാസത്തിൽ രണ്ട് സർവിസ് നടത്തിയിരുന്നത് ആഴ്ചയിൽ രണ്ട് എന്നരീതിയിൽ വർധിപ്പിച്ചിട്ടുണ്ട്. വ്യാഴം, ഞായർ ദിവസങ്ങളിലായിരിക്കും ഇൗ സർവിസ്. എന്നാൽ, മുംബൈയിൽനിന്ന് ബഹ്റൈനിലേക്ക് നേരിട്ടായിരിക്കും സർവിസ് ഉണ്ടാവുക.
ഗൾഫ് എയർ തിരുവനന്തപുരത്തുനിന്ന് ഒരു സർവിസ് ഉണ്ടായിരുന്നത് രണ്ടായി ഉയർത്തി. ഇനിമുതൽ ഞായർ, ചൊവ്വ, ദിവസങ്ങളിൽ സർവിസ് ഉണ്ടാകും. കൊച്ചിയിൽനിന്ന് രണ്ട് സർവിസ് ഉണ്ടായിരുന്നത് മൂന്നാകും. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഇത്. കോഴിക്കോട് നിന്നുള്ള സർവിസിൽ വർധന വന്നിട്ടില്ല. മുംബൈയിൽനിന്ന്
ബുധൻ, ശനി ദിവസങ്ങളിലും ഡൽഹിയിൽനിന്ന് വ്യാഴം, ബംഗളൂരുവിൽനിന്ന് തിങ്കൾ, ഹൈദരാബാദിൽനിന്ന് വെള്ളി ദിവസങ്ങളിലും സർവിസ് ഉണ്ടാകും. കഴിഞ്ഞ വർഷം സെപ്റ്റംബർ 13നാണ് ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവിസ് ആരംഭിച്ചത്.