മനാമ: ഇന്ത്യയും ബഹ്റൈനും നയതന്ത്ര ബന്ധം ആരംഭിച്ചതിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ഇന്ത്യയിലെ ബഹ്‌റൈൻ അംബാസഡർ അബ്ദുൽ റഹ്മാൻ അൽ ഗൗദ്, ആഫ്രോ-ഏഷ്യൻ അഫയേഴ്സ് അധ്യക്ഷ ഫാത്തിമ അബ്ദുല്ല അൽ ദയീൻ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
1971 ഒക്ടോബർ 12നാണ് ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്ര ബന്ധം നിലവിൽ വന്നത്. സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ദൃഢബന്ധത്തെ വിശിഷ്ടാതിഥികൾ പ്രശംസിച്ചു.
ദിൽമൺ നാഗരികത മുതലുള്ളതാണ് ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധമെന്ന് അംബാസഡർ പിയൂഷ് ശ്രീവാസ്തവ അനുസ്മരിച്ചു. കഴിഞ്ഞ കാലങ്ങളിൽ പരസ്പര ബന്ധം ശക്തമാക്കുന്ന നിരവധി നടപടികളാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചത്.
കോവിഡ് മഹാമാരിയുടെ കാലത്ത് ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാരെന്ന് അംബാസഡർ അബ്ദുൽ റഹ്മാൻ അൽ ഗൗദ് പറoiഞ്ഞു. കോവിഡ് കാലത്ത് എല്ലാ തലങ്ങളിലും പരസ്പര സഹകരണം ശക്തമായി.
ഇരു രാജ്യങ്ങളിലെയും പൗരന്മാരെ സ്വന്തം നാടുകളിൽ എത്തിക്കാൻ പരസ്പരം സഹായിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും ഗൾഫ് എയർ ഇന്ത്യയിലേക്കുള്ള സർവിസ് നിർത്തിവെക്കാത്ത കാര്യവും അദ്ദേഹം അനുസ്മരിച്ചു. ലോഗോ ഡിസൈൻ ചെയ്ത അജോ ആൻറണിയെ ചടങ്ങിൽ ആദരിച്ചു.
ഇന്ത്യൻ എംബസി തേഡ് സെക്രട്ടറി ഇജാസ് അസ്ലം നന്ദി പറഞ്ഞു. ബഹ്‌റൈൻ ആർട്സ് ആൻറ് കൾച്ചറൽ അതോറിറ്റി, വിദേശകാര്യ മന്ത്രാലയം, വിവിധ ഇന്ത്യൻ അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ എംബസിയും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ 200ഓളം എൻട്രികൾ ലഭിച്ചിരുന്നു.