മനാമ: ഇന്ത്യൻ സ്കൂൾ സ്റ്റാഫ് ക്ലബ്ബിന്റെ വാർഷിക ദിനം ബുധനാഴ്ച വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന ആഘോഷ പരിപാടികൾ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു . തദവസരത്തിൽ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻ.എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ. ബിനു മണ്ണിൽ വർഗീസ്, രാജേഷ് എം.എൻ, മുഹമ്മദ് നയസ് ഉല്ല , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി , റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ , സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സ്‌കൂളിൽ ദീർഘകാലം സ്തുത്യര്ഹമായ സേവനം പൂർത്തിയാക്കിയ സ്റ്റാഫ് അംഗങ്ങൾക്ക് പുരസ്‍കാരവും ക്യാഷ് അവാർഡും സമ്മാനിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി സ്വാഗതം പറഞ്ഞു. സ്റ്റാഫ് ക്ലബ് ജനറൽ സെക്രട്ടറി ജൂനിത് സി.എം നന്ദി പ്രകടിപ്പിച്ചു. നേരത്തെ ദേശീയഗാനത്തോടെ പരിപാടികൾ ആരംഭിച്ചു . സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജനും മറ്റു കമ്മിറ്റി അംഗങ്ങളും ഭദ്രദീപം കൊളുത്തി . ഇന്ത്യൻ സ്‌കൂളിന്റെ റിഫ, ഇസ ടൗൺ കാമ്പസുകളിൽ നിന്നുള്ള അധ്യാപകർ അവരുടെ നൃത്ത വൈദഗ്ധ്യം പ്രകടിപ്പിച്ചു . ഭരതനാട്യം , സിനിമാറ്റിക് നൃത്തം, സെമി ക്ലാസിക്കൽ നൃത്തം, സംഘ നൃത്തം, സംഘഗാനം, നാടോടി നൃത്തം , ലഘു നാടകം എന്നിവ ആഘോഷ പരിപാടികളെ മികവുറ്റതാക്കി.
ഇന്ത്യൻ സ്കൂൾ സ്റ്റാഫ് ക്ലബ് സമീപകാലങ്ങളിൽ കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതായി സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. ഇനിയും കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് അധ്യാപകർക്ക് കൂടുതൽ പ്രയോജനപ്രദമായ രീതിയിൽ സ്റ്റാഫ് ക്ലബ് മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാഫ് ക്ലബിലെ പ്രവർത്തനങ്ങൾ സ്കൂളിലെ വിവിധ വകുപ്പുകളിലെ അധ്യാപകർ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുമെന്നു പ്രിൻസ് എസ് നടരാജൻ പറഞ്ഞു.
ഇന്ത്യൻ സ്‌കൂളിൽ നിന്നും വിരമിക്കുന്ന ലീലാമ്മ ഫ്രാൻസിസ്, ഡേവി ഗർവാഡിസ്, ജയരാജൻ വലിയശ്ശേരി, ലൗലി ജേക്കബ്, പത്മകുമാരി പിള്ള മാ യാദേവി,ആൽഫി തോമസ്, ആനി പൗലോസ്, മേരി ജാസ്മിൻ ലിയോൺ, അനുരാധ ബിമൽ കുമാർ മേനോൻ, വിനീത സുരേഷ്, ഗീത കുറുവാടൻ എന്നിവർക്കു സമുചിതമായ യാത്രയയപ്പു നൽകി . ഇന്ത്യൻ സ്ക്കൂൾ മുൻ വൈസ് ചെയർമാൻ എ.കെ. തോമസ്, മുൻ അദ്ധ്യാപിക ഗായത്രി ചക്രവർത്തി എന്നിവരെയും ആദരിച്ചു.
രണ്ട് കാമ്പസുകളിൽ നിന്നുമുള്ള സ്റ്റാഫ് അംഗങ്ങൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമൊരുക്കുകയാണ് ഇന്ത്യൻ സ്കൂൾ സ്റ്റാഫ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. അധ്യാപരുടെ ജന്മദിനാഘോഷങ്ങൾ, വിവാഹ വാർഷികങ്ങൾ, വിടവാങ്ങൽ തുടങ്ങി പല അവസരങ്ങളും ക്ലബ് ആഘോഷിക്കുന്നു. അധ്യാപകരുടെ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തുകയും അടിയന്തിര സാഹചര്യങ്ങളിൽ ജീവനക്കാരെ സഹായിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയാണ് സ്റ്റാഫ് ക്ലബിന്റെ മറ്റു ലക്ഷ്യങ്ങൾ.