മനാമ: അടുത്ത വർഷം ജനുവരി മുതൽ വാറ്റ് 10 ശതമാനമാക്കി വർധിപ്പിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ ചർച്ചചെയ്ത് പാസാക്കുന്നതിന് പാർലമെൻറിന് വിടാനും തീരുമാനിച്ചു. ബജറ്റിലെ വരവും ചെലവും സന്തുലിതമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് നടപടി. 2018 മുതൽ ആരംഭിച്ച പദ്ധതി 2024ൽ ലക്ഷ്യം നേടുന്നതിനാണ് തീരുമാനം. സാമൂഹികസുരക്ഷ സംവിധാനങ്ങൾ നിലനിർത്തുന്നതിനും സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുന്നതിനും വാറ്റ് വർധന വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് സന്തുലന പദ്ധതിയുമായി ബന്ധപ്പെട്ട പുരോഗതിയും കാബിനറ്റ് വിലയിരുത്തി.
സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും വികസനോന്മുഖ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സംയുക്ത കർമപദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കോഓഡിനേഷൻ കമ്മിറ്റിയുടെ നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി. കായികം, ഗവേഷണം, പ്രകൃതി സംരക്ഷണം, മെഡിക്കൽ സേവനങ്ങൾ, വികസനം എന്നീ മേഖലകളിൽ ഇസ്രായേലുമായി ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്ന നിർദേശവും അംഗീകരിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് ആഗോള വ്യോമയാന ചരക്കുനീക്ക പദ്ധതി സാധ്യമാക്കുന്നതിനുള്ള രൂപരേഖ ധനമന്ത്രി അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ വ്യോമ, സമുദ്ര ചരക്കുനീക്കം നടത്തുന്ന കമ്പനികൾക്ക് ഓപറേറ്റിങ് അക്രഡിറ്റേഷൻ നൽകുന്നതിനുള്ള നിർദേശം വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി അവതരിപ്പിച്ചു. വ്യോമ, സമുദ്ര ചരക്കുനീക്ക സമയം രണ്ടു മണിക്കൂറിൽ താഴെയാക്കാൻ സാധിക്കുമെന്ന പ്രയോജനമുള്ളതായി ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ സാമ്പത്തിക വളർച്ച കോവിഡിനുമുമ്പുള്ള അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായി ധനമന്ത്രി അറിയിച്ചു. 2020ലെ രണ്ടാം പാദത്തിലേതിനേക്കാൾ 20.7 ശതമാനം വളർച്ച 2021 രണ്ടാം പാദത്തിൽ നേടാൻ സാധിച്ചിട്ടുണ്ട്. എണ്ണ ഇതര മേഖലയിലെ വളർച്ച 12.8 ശതമാനവും മൊത്തം തദ്ദേശീയ വളർച്ച 5.7 ശതമാനവുമാണ്. സി. 3 അമേരിക്കൻ ഓർഗനൈസേഷൻ അവാർഡ് നേടിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്ക് മന്ത്രിസഭ ആശംസകൾ നേർന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുകയും പ്രഖ്യാപിത ലക്ഷ്യം നേടാൻ സാധിക്കുകയും ചെയ്തതാണ് അവാർഡിന് അർഹമാക്കിയത്. കൂടാതെ, അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും അദ്ദേഹത്തിെൻറ ഇടപെടലുകൾ ഗുണംചെയ്തതായി അവാർഡ് നിർണയ സമിതി വിലയിരുത്തി. ഇത്തരമൊരു അവാർഡ് ലഭിച്ചതിലുള്ള സന്തോഷം പ്രിൻസ് സൽമാൻ രേഖപ്പെടുത്തുകയും മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ യോഗം ചേർന്നത്.