ഇന്ത്യൻ സ്‌കൂളിൽ ഗാന്ധി ജയന്തി ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിൽ മഹാത്മാഗാന്ധിയുടെ ജന്മദിന ആഘോഷ പരിപാടികൾക്ക് തുടക്കമായി. മഹാത്മാവിന്റെ 152 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. മിഡിൽ സെക്ഷൻ വിദ്യാർത്ഥികൾ ഈ വർഷം വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂളിലെ വിദ്യാർത്ഥികൾ ചിന്തനീയമായ പോസ്റ്ററുകൾ, പെയിന്റിംഗുകൾ, ആകർഷകമായ മുദ്രാവാക്യങ്ങൾ, പ്രസംഗങ്ങൾ എന്നിവ പങ്കുവെച്ചു. ശുചിത്വ പരിപാലനം , പരിസ്ഥിതിയുടെ പ്രാധാന്യം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നീ സന്ദേശങ്ങളുമായി ഗാന്ധിജിക്ക് അവർ പ്രണാമം അർപ്പിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ രാഷ്ട്രപിതാവിന് പ്രത്യേക സ്മരണാഞ്ജലി അർപ്പിച്ചു.

ജീവിതത്തിലെ ഗാന്ധിയൻ തത്വങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രചോദനാത്മകമായ എഴുത്തുകൾ അവർ പങ്കുവെച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി രാജീവൻ രാജ്കുമാർ തന്റെ ലേഖനത്തിൽ എഴുതി: ”ഗാന്ധിജി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരിക മാത്രമല്ല മാത്രമല്ല അഹിംസയെക്കുറിച്ചും സുസ്ഥിരമായ ജീവിതത്തെക്കുറിച്ചും ലോകത്തിനും നമുക്കും ഒരു പുതിയ ചിന്തയും നൽകി.” ആഘോഷങ്ങൾ ഒക്ടോബർ 14 വരെ തുടരും. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണിയും പ്രിൻസിപ്പൽ വി ആർ പളനിസ്വാമിയും എന്നിവർ വിദ്യാത്ഥികളെ അഭിനന്ദിച്ചു.