ലുലു എക്​സ്ചേഞ്ചിൻറെ​ ബഹ്‌റൈനിലെ 15ാമത്​ ശാഖ ദാന മാളിൽ ഇന്ത്യൻ അംബാസഡർ ഉദ്‌ഘാടനം ചെയ്തു

മനാമ: പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ലുലു ഇൻറർനാഷണൽ എക്​സ്​ചേഞ്ചിൻറെ ബഹ്​റൈനിലെ ​ 15ാമത്തെ ശാഖ ദാന മാളിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ അംബാസഡർ പീയൂഷ്​ ശ്രീവാസ്​തവ ഓൺലൈനായി ഉദ്​ഘാടനം നിർവഹിച്ച ചടങ്ങിൽ ലുലു ഇൻറർനാഷണൽ എക്​സ്​ചേഞ്ച്​ ബഹ്​റൈൻ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്​ മാനോജിങ്​ ഡയറക്​ടർ അദീബ്​ അഹമ്മദ്​ എന്നിവരും സന്നിഹിതരായിരുന്നു.

ഇന്ത്യയും ബഹ്​റൈനും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചതിൻറെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിൽ തന്നെ പുതിയ ശാഖ ഉദ്​ഘാടനം ചെയ്​തതിലെ സന്തോഷം ഇന്ത്യൻ അംബാസഡർ പങ്കുവെച്ചു. ബഹ്​റൈൻറെ നിക്ഷേപ സൗഹൃദ നയത്തിൻറെയും വ്യവസായങ്ങൾക്ക്​ വളരാനുള്ള അനുകൂല സാഹചര്യത്തിൻറെയും തെളിവാണ്​ പുതിയ ശാഖയുടെ ആരംഭം. ബഹ്​റൈനിലെ ആയിരക്കണക്കിന്​ പ്രവാസികൾക്ക്​ പുതിയ ശാഖ പ്രയോജനകരമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിൻറെ 238ാമത്തെ ആഗോള ശാഖയാണ്​ ദാന മാളിൽ തുറന്നത്​. വിപണിയുടെ ആവ​ശ്യങ്ങൾക്കനുസരിച്ച്​ നവീന ധനകാര്യ സേവനങ്ങൾ നൽകാൻ ആത്​മാർഥതയോടെ പ്രവർത്തിക്കുന്ന ടീം അംഗങ്ങളെ മാനേജിങ്​ ഡയറക്​ടർ അദീബ്​ അഹമ്മദ്​ അഭിനന്ദിച്ചു.