മനാമ: പുതിയ അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റോറിയൽ കൗൺസിൽ ജഷൻമൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്ഥാനമേറ്റു. കോവിഡ് മാർഗ നിർദേശങ്ങൾ അനുസരിച്ച് നടന്ന ചടങ്ങിൽ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, സജി ജോർജ്, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ എന്നിവർ പങ്കെടുത്തു.
പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും അടങ്ങുന്ന ലെവൽ – എ യിലെ ഹെഡ് ബോയ് ആയി ആൽവിൻ സാം , ഹെഡ് ഗേൾ ആയി ആയുഷി ജോജി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പത്താം ക്ലാസും ഒൻപതാം ക്ലാസും അടങ്ങുന്ന ബി ലെവലിൽ ഹരിറാം ചെംബ്ര ഹെഡ് ബോയ് ആയും ജോവാന ജെസ് ബിനു ഹെഡ് ഗേൾ ആയും തിരഞ്ഞെടുക്കപ്പെട്ടു.
നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളെ അവരുടെ സംഘടനാപരവും നേതൃത്വപരവുമായ കഴിവുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു.
പ്രിൻസ് എസ്.നടരാജൻ തന്റെ സന്ദേശത്തിൽ എല്ലാ വിദ്യാർത്ഥികളെയും ഒരുമിച്ച് കൊണ്ടുവരാൻ സഹായിക്കുന്ന സഹകരണ മനോഭാവത്തിൽ കൗൺസിൽ അംഗങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും പറഞ്ഞു.
സ്കൂൾ പ്രവർത്തനങ്ങളും സേവന പദ്ധതികളും നടപ്പിലാക്കി വിദ്യാർത്ഥികൾക്ക് നേതൃത്വം വികസിപ്പിക്കാനുള്ള അവസരം നൽകുക എന്നതാണ് വിദ്യാർത്ഥി കൗൺസിലിന്റെ ലക്ഷ്യമെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു.
പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ പഠനകാലത്ത് നേതൃത്വപരമായ അവസരങ്ങൾ ഉണ്ടാവണമെന്നും ചുമതലകൾ അവർ ഫലപ്രദമായി ഏറ്റെടുക്കുന്ന കല പഠിക്കേണ്ടത് പ്രധാനമാണെന്നും പറഞ്ഞു.
റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ തന്റെ സന്ദേശത്തിൽ ഒരു പ്രിഫെക്റ്റ് ആകുന്നത് വിദ്യാർത്ഥികൾക്ക് നേതൃപാടവം കൈവരിക്കാനുള്ള മികച്ച അവസരമാണെന്ന് പറഞ്ഞു.